രാഷ്ട്രീയപ്പാർട്ടികൾ വോട്ടിന് ബജറ്റ് തുകയെക്കാൾ വലിയ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് സുപ്രീംകോടതി

    ന്യൂഡെൽഹി: തെരഞ്ഞെടുപ്പിൽ വോട്ടിനായി രാഷ്ട്രീയപ്പാർട്ടികൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് ഗൗരവമുള്ള വിഷയമാണെന്ന് സുപ്രീംകോടതി. പൊതുഖജനാവിലെ പണമുപയോഗിച്ച് ഇത്തരം വാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയപ്പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിന്റെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും മറുപടി തേടി.ബജറ്റ് തുകയെക്കാൾ വലിയ സൗജന്യങ്ങളാണ് പാർട്ടികൾ വാഗ്ദാനം ചെയ്യുന്നതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത്തരം വാഗ്ദാനങ്ങൾ നൽകുന്നത് അഴിമതിയുടെ പരിധിയിൽ വരില്ലെങ്കിലും തെറ്റായ മത്സരമാണ് സൃഷ്ടിക്കുന്നതെന്നും ബെഞ്ച് പറഞ്ഞു. കേസ് നാലാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.

    സുപ്രീംകോടതിയിലെ സ്ഥിരം പൊതുതാത്പര്യ ഹർജിക്കാരനായ ബി.ജെ.പി. നേതാവ് അഡ്വ. അശ്വിനി കുമാർ ഉപാധ്യായയാണ് ‘ഫ്രീബീസ്’ വിഷയത്തിലും പരാതി നൽകിയത്. സൗജന്യവാഗ്ദാനങ്ങൾ തടയാൻ നിയമമുണ്ടാക്കണമെന്ന് കേന്ദ്രത്തോടു നിർദേശിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.

    വരുന്ന പഞ്ചാബ്, യു.പി. തിരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടി, കോൺഗ്രസ്, ശിരോമണി അകാലിദൾ എന്നിവയുടെ സൗജന്യ വാഗ്ദാനങ്ങളും ഹർജിയിൽ ചൂണ്ടിക്കാട്ടി.എന്നാൽ, ചില പാർട്ടികളുടെ കാര്യംമാത്രം പരാതിയിൽ ഉൾപ്പെടുത്തിയതിനെ സുപ്രീംകോടതി വിമർശിച്ചു. അതേസമയം, ഹർജിയിൽ പറയുന്ന നിയമപരമായ കാര്യങ്ങൾ ഗൗരവമുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.മൂന്നുലക്ഷം രൂപയിലേറെ ആളോഹരി കടമുള്ള സംസ്ഥാനങ്ങളിൽപ്പോലും സൗജന്യവാഗ്ദാനങ്ങൾക്ക് കുറവില്ലെന്ന് ഹർജിക്കാരനുവേണ്ടി മുതിർന്ന അഭിഭാഷകൻ വികാസ് സിങ് ചൂണ്ടിക്കാട്ടി.

    ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗരേഖയ്ക്ക് മൂർച്ചപോരെന്ന് സിങ് പറഞ്ഞു.പൊതുഖജനാവിലെ ഫണ്ടുപയോഗിച്ച് യുക്തിരഹിതമായ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് വിവിധ ഭരണഘടനാ വകുപ്പുകളുടെ ലംഘനമാണ്. കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ അഴിമതി, തെറ്റായി സ്വാധീനം ചെലുത്തൽ വകുപ്പുകളുടെ പരിധിയിൽ വരുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി