കൊച്ചി: ലോകായുക്തയെ നോക്കുകുത്തിയാക്കുന്ന ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അഴിമതി വിരുദ്ധ സംവിധാനങ്ങളുടെ പ്രസക്തി ഇല്ലാതാക്കി പ്രവർത്തിക്കാനാണ് സർക്കാർ നീക്കം. പുതിയ ഓർഡിനൻസോടെ ലോകായുക്തയുടെ പ്രസക്തി തന്നെയില്ലാതായി. സർക്കാരിനെതിരേ ഉയരുന്ന അഴിമതി ആരോപണങ്ങളുടെ മുനയൊടിക്കാനാണ് ലോകായുക്തയെ ഇല്ലാതാക്കുന്നത്.
ഇക്കാര്യത്തിൽ സിപിഎം കേന്ദ്ര നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കെ റെയിലുമായി ബന്ധപ്പെട്ട് കേസുകൾ മുന്നിൽകണ്ടും മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനും എതിരേ നിലവിൽ നിലനിൽക്കുന്ന കേസുകളും കാരണമാണ് സർക്കാർ പുതിയ നീക്കം നടത്തുന്നത്. ലോകായുക്തയെ നിയമിക്കുന്ന സമിതിയിൽ പ്രതിപക്ഷ നേതാവ് ഉണ്ടെങ്കിൽ ഭേദഗതിയെക്കുറിച്ച് സർക്കാർ ഒന്നും അറിയിച്ചില്ലെന്നും സതീശൻ വ്യക്തമാക്കി.