ന്യൂഡെൽഹി: രാജ്യത്ത് 15 നും 17 നും ഇടയിൽ പ്രായം ഉള്ളവർക്ക് കൊവാക്സിൻ തന്നെ കുത്തിവെക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ഭാരത് ബയോടെക് മുന്നറിയിപ്പ് നൽകി. മറ്റ് വാക്സിനുകൾ കുത്തി വെക്കുന്നതായി റിപ്പോർട്ട് വന്നതിന് പിന്നാലെ ആണ് മുന്നറിയിപ്പ്. മൂന്നര കോടിയിലധികം കൗമാരക്കാരാണ് ഇതുവരെ ആദ്യ ഡോസ് കുത്തിവെപ്പെടുത്തത്.
നിലവിൽ രണ്ട് ലക്ഷത്തിൽ അധികമാണ് രാജ്യത്ത് പ്രതിദിന കൊറോണ കേസുകൾ. എന്നാൽ രണ്ടാം തരംഗത്തിലെ അത്ര രൂക്ഷമായ സാഹചര്യം ഇതുവരെയില്ല. കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു ഇതിനു മുമ്പ് പ്രതിദിന കേസുകൾ രണ്ട് ലക്ഷം പിന്നിട്ടത്.
രണ്ട് തരംഗങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തിയ തയ്യാറെടുപ്പുകൾ ഇത്തവണ ഫലം കണ്ടു എന്നു വിലയിരുത്താം. രോഗവ്യാപനത്തിൻറെ തുടക്കത്തിൽ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ പലയിടങ്ങളിലും കേസുകൾ പിടിച്ചുകെട്ടാൻ സാധിച്ചു. ഇരുപത് ശതമാനത്തിന് അടുത്തെത്തിയ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ് പതിനാല് ശതമാനത്തിലെത്തി.
രണ്ടാം തരംഗത്തിൽ പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷമായപ്പോൾ മരണം ആയിരം കടന്നിരുന്നു. നിലവിൽ കേസുകൾ രണ്ട് ലക്ഷം പിന്നിട്ടെങ്കിലും മരണം നാനൂറിനും താഴെയാണ്. ഇപ്പോഴത്തെ തരംഗത്തിന് കാരണമാക്കിയ ഒമിക്രോൺ വകഭേദം ഡെൽറ്റയുടെ അത്ര അപകടകാരിയല്ലാത്തതും മരണം കുറയാനുള്ള ഒരു കാരണമാണ്.