ലണ്ടൻ: ഗ്ലോസ്റ്ററിനു സമീപം ചെൽസ്റ്റർഹാമിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം. എറണാകുളം മൂവാറ്റുപുഴ കുന്നയ്ക്കൽ സ്വദേശി ബിൻസ് രാജൻ (32), കൊല്ലം സ്വദേശി അർച്ചന നിർമൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മരിച്ച ബിൻസിന്റെ ഭാര്യയ്ക്കും രണ്ടുവയസ്സുള്ള കുഞ്ഞിനും അർച്ചനയുടെ ഭർത്താവ് നിർമൽ രമേശിനും അപകടത്തിൽ പരുക്കേറ്റു.
ബിൻസിന്റെ ഭാര്യ അനഖയും കുട്ടിയും ഓക്സ്ഫെഡ് എൻഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. പത്തനംതിട്ട വല്ലച്ചിറ സ്വദേശിയാണ് പരുക്കേറ്റ് ചികിത്സയിലുള്ള നിർമൽ രമേശ്. ചെൽസ്റ്റർഹാമിലെ പെഗ്ഗിൾസ്വർത്തിൽ എ-436 റോഡിൽ ഇന്നലെ രാവിലെ 11.15നായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് റോഡിൽ ഇരുവശത്തേക്കുമുള്ള ഗതാഗതം മണിക്കൂറുകൾ തടസ്സപ്പെട്ടു.
കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ബിൻസ് രാജൻ ഭാര്യ അനഖയും കുട്ടിയുമൊത്ത് യുകെയിലെത്തിയത്. ലൂട്ടൻ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയായിരുന്നു അനഖ. കൂട്ടുകാരായ ബിൻസും നിർമലും കുടുംബസമേതം ഓക്സ്ഫെഡിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടമെന്നാണ് വിവരം. യുകെ മലയാളികളുടെ ദേശീയ സംഘടനയായ യുക്മയുടെ നേതാക്കൾ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും മറ്റുമായി ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്.