പഞ്ചാബിൽ നവജ്യോത് സിങ് സിദ്ദുവും ചരൺജിത് സിങ് ചന്നിയുമടക്കം ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി കോൺഗ്രസ്

അമൃത്സർ: നവജ്യോത് സിങ് സിദ്ദുവും മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയും ഉൾപ്പെടുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. നവജ്യോത് സിങ് സിദ്ദുവും ചരൺജിത് സിങ് ചന്നിയും ഉൾപ്പെടുന്നതാണ് ആദ്യ ഘട്ട പട്ടിക. ഇതോടെ തെരഞ്ഞെടുപ്പ് രംഗത്ത് ചൂടേറുകയാണ്. ഒപ്പം മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ആശയക്കുഴപ്പം ശക്തമാകുന്നുമുണ്ട്.

മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി ചാംകൗർ സാഹിബിലാണ് ജനവിധി തേടുന്നത്. അമൃത്സർ ഈസ്റ്റ് മണ്ഡലത്തിൽ നിന്നാണ് നവ്ജോത് സിംഗ് സിദ്ദു മത്സരിക്കുന്നത്. പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെചൊല്ലി തർക്കം തുടരുന്നതിനിടെയാണ് ഇരുവരും മത്സര രംഗത്തിറങ്ങുന്നത്. ഇരുവരും സിറ്റിംഗ് മണ്ഡലത്തിൽ നിന്നാണ് മത്സരരംഗത്തിറങ്ങുന്നത്.

ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ രൺധാവ ധേര ബാബ നാനക് മണ്ഡലത്തിൽനിന്നാവും മത്സരിക്കുക. അമൃത്സർ സെൻട്രലിൽ നിന്ന് ഓം പ്രകാശ് സോണിയും മത്സരിക്കും. നടൻ സോനു സൂദിൻറെ സഹോദരി മാളവിക മോഘയിൽ മത്സരിക്കും. അതേസമയം സീറ്റ് വിഭജനത്തെ ചൊല്ലി കർഷക പാർട്ടികളായ സംയുക്ത സംഘർഷ് പാർട്ടിക്കും സംയുക്ത് സമാജ് മോർച്ചക്കും ഇടയിൽ തർക്കം രൂക്ഷമാകുകയാണ്.

തെരഞ്ഞെടുപ്പിൽ 25 സീറ്റ് വേണമെന്നാണ് ഗുർനാം ചാദുനിയുടെ സംയുക്ത സംഘർഷ് പാർട്ടി ആവശ്യപ്പെടുന്നത്. എന്നാൽ ഒൻപത് സീറ്റ് മാത്രമേ നൽകാൻ കഴിയു എന്നാണ് സംയുക്ത് സമാജ് മോർച്ചയുടെ നിലപാട്. അടുത്ത മാസം 14 നാണ് പഞ്ചാബിലെ വോട്ടെടുപ്പ്. 117 മണ്ഡലങ്ങളിലേക്കാണ് മത്സരം.