ന്യൂഡെൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പുർ മണ്ഡലത്തിൽ മത്സരിക്കും. സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി ഇന്ന് പുറത്തിറക്കി. ഇത് വളരെയധികം കൂടിയാലോചനകൾക്ക് ശേഷം എടുത്ത തീരുമാനമാണെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.തൻ്റെ ശക്തികേന്ദ്രമായ ഗോരഖ്പൂർ സീറ്റിൽ നിന്ന് അദ്ദേഹം 2017 വരെ തുടർച്ചയായി അഞ്ച് തവണ ലോക്സഭയിലെത്തിയിട്ടുണ്ട്. ഇതുവരെ ഒരു നിയമസഭാ തിരഞ്ഞെടുപ്പിൽ പോലും മത്സരിച്ചിട്ടില്ലാത്ത യോഗി ആദിത്യനാഥ് അയോധ്യയിലോ മഥുരയിലോ മത്സരിക്കുമെന്ന് നേരത്തെ ഊഹാപോഹങ്ങളുണ്ടായിരുന്നു. അയോധ്യയിലോ മഥുരയിലോ സീറ്റുകളിൽ ഒന്നിൽനിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കാൻ ബിജെപിയുടെ കോർ ഗ്രൂപ്പ് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ഉത്തർപ്രദേശ് ബിജെപിയിലെ കൊഴിഞ്ഞുപോക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ തീരുമാനം എന്നത് ശ്രദ്ധേയമാണ്.