മൂന്നാർ: രണ്ടുവർഷം മുൻപ് ഗുണ്ടുമല എസ്റ്റേറ്റിൽ എട്ട് വയസ്സുകാരിയെ കൊന്ന് കെട്ടിത്തൂക്കിയതാകാനാണ് സാധ്യതയെന്ന് അന്വേഷണസംഘം. പെൺകുട്ടി നിരവധി തവണ പീഡനത്തിനിരയായെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.
കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെയും സ്ഥലം പരിശോധിച്ച ഫൊറൻസിക് വിദഗ്ധരുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നിഗമനം.
ഇടുക്കി നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എ.ജി.ലാലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. കഴുത്തിൽ കയർ വലിച്ചുമുറുക്കിയാണ് കുട്ടിയെ കൊന്നത്. മരണശേഷം വീടിന് മുകൾഭാഗത്ത് കെട്ടിത്തൂക്കിയെന്നും കരുതുന്നു.
ഒരു കാരണവശാലും കുട്ടിക്ക് കയറുമായി വീടിന് ,മുകൾഭാഗത്തുകയറി കുടുക്കിടാൻ സാധിക്കില്ല. ഉയരത്തിൽ കയറുന്നതിനുള്ള കസേര, ഏണി പോലുള്ളവ വീട്ടിൽ കണ്ടെത്തിയില്ല. മുകളിൽ കെട്ടിയിരുന്ന പ്ലാസ്റ്റിക് വള്ളി പൊട്ടി താഴെവീണ നിലയിലായിരുന്നു മൃതദേഹം.
15 കിലോഗ്രാം ഭാരം മാത്രം താങ്ങാൻ കഴിയുന്ന പ്ലാസ്റ്റിക് വള്ളിയിൽ 20 കിലോയിലധികം ഭാരമുള്ള കുട്ടി തൂങ്ങാൻ ശ്രമിച്ചാൽ, വള്ളിപൊട്ടി താഴെവീണ് ശ്രമം പരാജയപ്പെടുമായിരുന്നു. ഇതുസംബന്ധിച്ച്, കുട്ടിയുടെ ഭാരമുള്ള ഡമ്മി വെച്ച് പരീക്ഷണം നടത്തും. കഴുത്തിലുണ്ടായിരുന്ന വള്ളിക്ക് സമാനമായത് ഉപയോഗിച്ചായിരിക്കും ഇതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
2019 സെപ്റ്റംബർ ഒമ്പതിനാണ് കണ്ണൻ ദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്റിൽ അപ്പർ ഡിവിഷനിൽ പെൺകുട്ടിയെ കിടപ്പുമുറിയിൽ പ്ലാസ്റ്റിക് വള്ളി കഴുത്തിൽചുറ്റി മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. പ്രായമായ മുത്തശ്ശി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
ആത്മഹത്യ എന്നായിരുന്നു പോലീസിന്റെ ആദ്യനിഗമനം. എന്നാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൃതദേഹപരിശോധനയിൽ, പെൺകുട്ടി നിരവധി തവണ പീഡനത്തിനിരയായെന്ന് കണ്ടെത്തി. ഇതോടെയാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് നീങ്ങിയത്.