തൊടുപുഴ: മൂന്നു ടേം എംഎല്‍എ ആയതിന്റെ പെന്‍ഷനും വാങ്ങി അച്ഛനെയും അമ്മയെയും നോക്കി കഴിഞ്ഞോളാന്‍ എസ് രാജേന്ദ്രന് എം എം മണിയുടെ താക്കീത്. പാര്‍ട്ടി നയം അംഗീകരിച്ചില്ലെങ്കില്‍ പുറത്തുപോകേണ്ടിവരും. സിപിഎം ഇടുക്കി ജില്ലാ സമ്മേളനം പൂര്‍ത്തിയായതിന് പിന്നാലെയാണ് എംഎം മണി എസ് രാജേന്ദ്രനെതിരേ രംഗത്ത് വന്നത്. തന്നെ പേടിച്ചാണ് രാജേന്ദ്രന്‍ പാര്‍ട്ടി സമ്മേളനത്തിന് വരാഞ്ഞതെന്ന് കേട്ടപ്പോള്‍ ചിരിയാണ് വന്നതെന്നും മണി പറഞ്ഞു.
പാര്‍ട്ടി സമ്മേളനവേദിയില്‍ വച്ചായിരുന്നു എംഎം മണിയുടെ പ്രതികരണം. ഇത്രനാളും രാജേന്ദ്രനെ ചുമന്നത് എംഎം മണിയാണ്. ഇപ്പോള്‍ പേടി എന്ന് പറയുമ്പോള്‍ ചിരിയാണ് വന്നതെന്ന് മണി പരിഹസിച്ചു. മൂന്നാം തവണ സീറ്റ് വാങ്ങി നല്‍കിയത് താനാണ്. അതൊന്നും രാജേന്ദ്രന്‍ ഇപ്പോള്‍ പറയുന്നില്ലെന്ന് എംഎം മണി പറഞ്ഞു.
പാര്‍ട്ടി അംഗമായി തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ കത്ത് നല്‍കിയിരുന്നു. എംഎം മണിയുള്‍പ്പെടെയുള്ള ഇടുക്കിയിലെ നേതാക്കള്‍ക്ക് എതിരെ കടുത്ത ആരോപണങ്ങളാണ് കത്തില്‍ ഉന്നയിച്ചത്. അച്ചടക്ക നടപടിയുടെ ഭാഗമായി രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന സൂചന നിലനില്‍ക്കെയാണ് കത്ത് നല്‍കിയിരിക്കുന്നത്.
പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അറിയച്ചപ്പോള്‍ എംഎല്‍എ ഓഫീസില്‍വെച്ച് എംഎം മണി അപമാനിച്ചു. കുടുംബത്തെ നോക്കി വീട്ടിലിരിക്കാന്‍ പറഞ്ഞു. എംഎം മണി പരസ്യമായി അപമാനിക്കുമെന്ന് ഭയന്നാണ് സമ്മേളനങ്ങളില്‍ നിന്ന് വിട്ടുനിന്നതെന്നും രാജേന്ദ്രന്‍ കത്തില്‍ പറയുന്നു.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെവി ശശി തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. പള്ളന്‍ എന്ന ജാതിയുടെ പേരില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും രാജേന്ദ്രന്‍ പറഞ്ഞു. എസ് രാജേന്ദ്രന് എതിരെ ഇടുക്കി ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജേന്ദ്രന്‍ പാര്‍ട്ടി നല്‍കിയ നിര്‍ദേശം അനുസരിച്ചില്ല.
തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ദേവികുളത്തെ സ്ഥാനാര്‍ത്ഥിയായിരുന്ന എ രാജയുടെ പേര് പറയണമെന്ന് ജില്ലാ നേതാക്കള്‍ നിര്‍ദേശിച്ചിട്ട് അനുസരിച്ചില്ല. തുടര്‍ന്നാണ് പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തത് എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.