തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സ്ഥിരതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗവർണർക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് സതീശൻ ഉന്നയിച്ചത്. ‘ഇദ്ദേഹത്തിന് യാതൊരു സ്ഥിരതയുമില്ല. സര്‍ക്കാര്‍ നിര്‍ബന്ധിച്ച സമയത്ത് സര്‍ക്കാരിന് വഴങ്ങി. കുറേനാള്‍ കഴിഞ്ഞപ്പോള്‍ സര്‍ക്കാരിന് എതിരായ നടപടി സ്വീകരിച്ചു. ഗവര്‍ണറാകുന്നതിന് മുന്‍പുള്ള പൂര്‍വ്വാശ്രമത്തിലും, രാഷ്ട്രീയത്തില്‍ ഒരു സ്ഥിരതയും ഉണ്ടാകാതിരുന്ന ആളാണ് അദ്ദേഹം. ഇതുപോലത്തെ സ്ഥാനത്തിരിക്കുന്ന ആളെക്കുറിച്ച് അത് പറയുന്നതില്‍ വിഷമമുണ്ട്.’- വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല വിസി നിയമന വിവാദത്തില്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വി ഡി സതീശന്റെ പ്രതികരണം. വൈസ് ചാന്‍സിലറെ പുറത്താക്കാനോ രാജിവയ്ക്കാന്‍ പറയുകയൊ ചെയ്യാതെ ഗവര്‍ണര്‍ നിയമപരമായി ചെയ്യേണ്ട കാര്യം ചെയ്യില്ല എന്ന് പറയുകയാണ്. അതിനെയാണ് താന്‍ വിമര്‍ശിച്ചത്. നിയമപരമായാണ് വിസിയൈ നിയമിച്ചതെന്ന് ഹൈക്കോടതിയില്‍ അഫിഡവിറ്റ് കൊടുക്കുക. എന്നിട്ട് അതിന് വിരുദ്ധമായി വേറൊരു ദിവസം പ്രസംഗിക്കുക. ഞങ്ങളുടെ പ്രശ്‌നം, സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്ക് ഗവര്‍ണര്‍ കൂട്ടുനില്‍ക്കുന്നു എന്നതാണ്.- സതീശന്‍ പറഞ്ഞു. കേരളത്തിലെ സര്‍വകലാശാലകളെ സര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ നോക്കുകയാണ്. ആ ശ്രമങ്ങള്‍ക്ക് ഗവര്‍ണര്‍ കുടപിടിച്ചു കൊടുക്കുകയാണ്. ഗവര്‍ണര്‍ക്ക് രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ്. ഭരണഘടനയില്‍ ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനാണെന്ന് പറഞ്ഞിട്ടില്ല. തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ ഗവര്‍ണറെ വീണ്ടും വിമര്‍ശിക്കും.-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ക്ക് എതിരെ കോടതിയില്‍ പോകാന്‍ ആഹ്രമില്ല. ബിജെപി നേതാക്കള്‍ തനിക്കെതിരെ വിമര്‍ശനമുന്നയിച്ചു. അതേ വാചകങ്ങള്‍ ആവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍. ബിജെപി നേതാക്കള്‍ എഴുതിക്കൊടുത്തത് വായിക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ‘പ്രസിഡന്റിന് ഡിലിറ്റ് നല്‍കാന്‍ അദ്ദേഹം പറഞ്ഞിട്ടുണ്ടോ? രാജ്ഭവനില്‍ നിന്ന് വാര്‍ത്താ ചോര്‍ത്തിക്കൊടുത്താല്‍ പോരാ. ഭരണഘടന സ്ഥാനത്ത് ഇരിക്കുന്നവര്‍ അതിന്റെ അന്തസ്സ് അനുസരിച്ച് പെരുമാറണം. ഡിലിറ്റ് വിവാദം ഉണ്ടാകാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. എന്നാല്‍ പ്രസിഡന്റിന് ഡിലിറ്റ് നല്‍കണമെന്ന് വിസിയോട് താന്‍ ആവശ്യപ്പെട്ടു എന്ന് ഗവര്‍ണര്‍ പറയുന്നില്ല. ഇത് പറയാതെ ഞങ്ങള്‍ എങ്ങനെ അറിയും? ഞങ്ങള്‍ പാഴൂര്‍പടിപ്പുരയില്‍ പോയി പ്രശ്‌നം വെച്ചു നോക്കണോ?’ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.