ന്യൂഡെൽഹി: സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ മരിച്ച കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ പ്രതികൂല കാലാവസ്ഥ തിരിച്ചറിയാൻ പൈലറ്റിന് കഴിഞ്ഞില്ല. ഇതാണ് ഹെലികോപ്റ്റർ അപകടത്തിന് ഇടയാക്കിയതെന്ന് അന്വേഷണസമിതി കണ്ടെത്തിയതായി സൂചന.
മൂന്നു സേനകളുടെ പ്രതിനിധികൾ ഉൾപ്പെട്ട അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് കേന്ദ്രസർക്കാരിനു സമർപ്പിക്കുന്നതിനു മുമ്പായി നിയമോപദേശത്തിനയച്ചു. അടുത്തയാഴ്ച വ്യോമസേനാമേധാവി എയർമാർഷൽ വി.ആർ. ചൗധരിക്ക് റിപ്പോർട്ട് കൈമാറും. എയർമാർഷൽ മാനവേന്ദ്രസിങ്ങിന്റെ നേതൃത്വത്തിലാണ് സംയുക്ത അന്വേഷണം നടന്നത്.
അപകടത്തിന്റെ എല്ലാവശങ്ങളും വിശദമായി പരിശോധിച്ചശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് വിശ്വസ്തകേന്ദ്രങ്ങൾ അറിയിച്ചു. വ്യോമയാനമേഖലയിൽ കൺട്രോൾഡ് ഫ്ളൈറ്റ് ഇൻ ടു ടെറെയ്ൻ (സിഎഫ്ഐടി) എന്നറിയപ്പെടുന്ന പ്രതിഭാസമാകാം കൂനൂർ കോപ്റ്ററപകടത്തിന് കാരണമായത്. ഭൂപ്രകൃതിയുടെ സ്വഭാവം തിരിച്ചറിയുന്നതിൽ വന്ന മാനുഷികമായ പിഴവിനെയാണ് ഇത് സൂചിപ്പിക്കുന്നത്.
ഡിസംബർ എട്ടിന് തമിഴ്‌നാട്ടിലെ നീലഗിരി കൂനൂരിലായിരുന്നു ഹെലികോപ്റ്റർ അപകടം. ജനറൽ റാവത്തും ഭാര്യയുമടക്കം 14 പേർ അപകടത്തിൽ മരിച്ചു. വെല്ലിങ്ടണിൽ ഒരു പരിശീലനപരിപാടി നയിക്കാനാണ് റാവത്ത് എത്തിയത്. എം.ഐ-17വി5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.