തിരുവനന്തപുരം: പേട്ടയിൽ അനീഷ് ജോർജ് കൊലപാതകത്തിൽ പ്രതി സൈമൺ ലാലൻ നൽകിയ മൊഴി കളവാണെന്ന് പൊലീസ്. കള്ളനാണെന്ന് തെറ്റിദ്ധരിച്ച് അനീഷിനെ കുത്തിയെന്നാണ് സൈമൺ ലാലൻ ഇന്നലെ പൊലീസിനോട് പറഞ്ഞത്. എന്നാൽ അനീഷിനെ സൈമണിന് നല്ല പരിചയമുണ്ടായിരുന്നുവെന്നും അനീഷിനെ ഉപദ്രവിക്കരുതെന്ന് ഭാര്യയും മക്കളും പറഞ്ഞിട്ടും അവരെ അവഗണിച്ചാണ് സൈമൺ കുത്തിയതെന്നും പൊലീസ് പറയുന്നു. സൈമൺ ലാലന്റേയും ഭാര്യയുടേയും മക്കളുടേയും അടക്കം മൊഴിയെടുത്ത ശേഷമാണ് ഈ നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
മരണപ്പെട്ട അനീഷ് മുമ്പും സുഹൃത്തായ പെൺകുട്ടിയെ കാണാൻ ഈ വീട്ടിൽ പോയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഈ വിവരം സൈമൺ ലാലനും അറിയാമായിരുന്നു. മകളുടെ മുറിയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച സൈമണിനോട് മുറിയിൽ അനീഷാണെന്നും ഉപദ്രവിക്കരുതെന്നും ഭാര്യയും മക്കളും പറഞ്ഞിരുന്നു. എന്നിട്ടും സൈമൺ മുറി ചവിട്ടി തുറന്ന് അനീഷിനെ കുത്തുകയായിരുന്നു. അനീഷിൻ്റെ നെഞ്ചിലും മുതുകത്തുമാണ് കുത്തേറ്റത്. സൈമണിൻ്റെ മക്കളുടെ അറിവോടും അനുമതിയോടും കൂടിയാണ് അനീഷ് വീട്ടിലേക്ക് പ്രവേശിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.
മകളുടെ മുറിയിൽ ശബ്ദം കേട്ടാണ് താൻ ഉണർന്നതെന്നും കള്ളനാണെന്ന് കരുതി വാതിൽ തള്ളിത്തുറന്നപ്പോഴാണ് അനീഷനെ കണ്ടതും പിന്നീട് തർക്കത്തിനിടെ അനീഷനെ കുത്തുകയായിരുന്നുവെന്നും സൈമൺ പൊലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് ലാലൻ തന്നെ പേട്ട പൊലീസ് സ്റ്റേഷനിലെത്തി ഒരാളെ കുത്തിയെന്നും ആളെ ആശുപത്രിയിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. അനീഷ് ജോർജിനെ പൊലീസ് മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിക്കും മുൻപ് മരിച്ചു.