സിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ നേരിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 11.07 ഓടെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഈ മാസം ഇത് മൂന്നാമത്തെ തവണയാണ് സംസ്ഥാനത്ത് ഭൂചലനം രേഖപ്പെടുത്തുന്നത്. കുളുവിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൽ ജീവഹാനിയോ മറ്റു നാശ നഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.
തിങ്കളാഴ്ച ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ റിക്ടർ സ്‌കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഡിസംബർ 22 ന് ഇതേ ജില്ലയിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.ഹിമാചൽ പ്രദേശിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഭൂകമ്പസാധ്യതമേഖലയിലാണ്. കഴിഞ്ഞ മാസം കിന്നൗർ ജില്ലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
1905 ഏപ്രിൽ നാലിനാണ് ഹിമാചൽ പ്രദേശിൽ വൻ നാശം വിതച്ച ഭൂകമ്പമുണ്ടായത്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 20,000-ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തിരുന്നു.