റായ്പൂർ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അധിക്ഷേപിക്കുകയും ഘാതകനായ നാഥുറാം ഗോഡ്സെയെ പുകഴ്ത്തുകയും ചെയ്ത സന്യാസിക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ അകോള സ്വദേശിയായ കാളിചരൺ മഹാരാജിന് എതിരെ മത സ്പർധ വളർത്താൻ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
റായ്പുരിൽ 20 സന്യാസിമാർ പങ്കെടുത്ത 2 ദിവസത്തെ ധർമ സൻസദ് ക്യാംപിന് ഒടുവിലാണ് വിവാദ പ്രസംഗം.
പരിപാടിയുടെ സംഘാടകരടക്കമുള്ളവർ പ്രസംഗത്തെ അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്തു. പ്രസംഗത്തെ അപലപിച്ച ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ശക്തമായ നടപടിയെടുക്കുമെന്ന് അറിയിച്ചു. പരിപാടിയുടെ സമാപനത്തിൽ പങ്കെടുക്കേണ്ടിയിരുന്ന മുഖ്യമന്ത്രി എത്തിയില്ല.
കോൺഗ്രസ് നേതാവായ പ്രമോദ് ദുബെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പരിപാടിയിൽ പ്രസംഗിച്ച ഗാവ് സേവ ആയോഗ് ചെയർമാനും പരിപാടിയുടെ രക്ഷാധികാരിയുമായ മഹന്ത് റാംസുന്ദർ ദാസ് പ്രസംഗത്തെ ശക്തമായി അപലപിച്ചശേഷം വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. സംഘാടകനായ നീൽകാന്ത് ത്രിപാഠിയും പ്രസംഗത്തെ തള്ളിക്കളയുന്നതായി അറിയിച്ചു.
കാളിചരൺ മഹാരാജിന് എതിരെ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. ഗാന്ധിജിയെ അധിക്ഷേപിച്ച വിഷയം നിയമസഭയിൽ എൻസിപി അംഗം നവാബ് മാലിക് ഉന്നയിച്ചപ്പോഴാണ് ഉപമുഖ്യമന്ത്രി അജിത് പവാർ ഇക്കാര്യം അറിയിച്ചത്.