തിരുവനന്തപുരം: സഹകരണ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി സഹകരണ സർവകലാശാല ആരംഭിക്കാൻ സാധ്യത. കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് വകുപ്പ് മേധാവിയും പ്രൊഫസറുമായ ഡോ. കെ.എസ്. ചന്ദ്രശേഖരനെ ഇതിൻ്റെ സാധ്യതാപഠനത്തിനുള്ള സ്പെഷ്യൽ ഓഫീസറായി നിയമിച്ചു.
കോ-ഓപ്പറേറ്റീവ് അക്കാദമി ഒഫ് പ്രൊഫഷണൽ എജ്യുക്കേഷൻ (കേപ്) ഡയറക്ടർ ഡോ. ആർ. ശശികുമാർ കഴിഞ്ഞ മാസം ഇതുസംബന്ധിച്ച് സഹകരണവകുപ്പിന് കത്ത് നൽകിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് സ്പെഷ്യൽ ഓഫീസറെ നിയമിക്കാൻ വകുപ്പ് തീരുമാനിച്ചത്.
സഹകരണമേഖലയിൽ ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ ഉൾപ്പെടെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. അവ പല സർവകലാശാലകളിലായാണ് അഫിലിയേഷൻ നേടിയിട്ടുള്ളത്. കേപിന് കീഴിൽ മാത്രം 11 വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. സഹകരണ യൂണിയന് കീഴിൽ 13 സഹകരണ പരിശീലന കോളേജുകളുമുണ്ട്. 16 പരിശീലന കേന്ദ്രങ്ങളുമുണ്ട്. കേരളത്തിലെ പതിനയ്യായിരത്തോളം വരുന്ന സഹകരണ സ്ഥാപനങ്ങളിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള അടിസ്ഥായ യോഗ്യതയായ എച്ച്.ഡി.സി., ജെ.ഡി.സി. കോഴ്‌സുകൾ നടത്തുന്നത് ഈ കോളേജുകളിലാണ്. ഇവയെ ഒരു സർവകലാശാലയ്ക്ക് കീഴിലാക്കി കാലോചിതമായി പരിഷ്കരണമെന്ന് നേരത്തേ ആവശ്യം ഉയർന്നിരുന്നു.