കൊച്ചി: അനേകരുടെ ഹൃദയത്തിൽ ഇടം നേടി പിടി തോമസ് ഇനി ഓർമ്മ. പി.ടിക്ക് പ്രിയപ്പെട്ട ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’ എന്ന ഗാനം ചെറിയ ശബ്ദത്തിൽവച്ച് രവിപുരം ശ്മശാനത്തിലാണ് പിടിയുടെ സംസ്കാര ചടങ്ങുകൾ നടത്തിയത്. പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. മുദ്രാവാക്യങ്ങളുമായി നൂറു കണക്കിന് കോൺഗ്രസ് പ്രവർത്തകരും സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു.
തൃക്കാക്കര കമ്യൂണിറ്റി ഹാളിൽനിന്ന് രവിപുരത്തേക്ക് വിലാപയാത്രയായാണു മൃതദേഹം കൊണ്ടുപോയത്. മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരം അർപ്പിച്ചു. പി.ടിയെ ഒരു തവണ അറിഞ്ഞവര്‍പ്പോലും കണ്ണീരണിഞ്ഞ് മടങ്ങി. ആത്മബന്ധത്തിന്റെ ആഴം തടിച്ചുകൂടിയവരുടെ കണ്ണുകളില്‍ നിറഞ്ഞൊഴുകി.
ആയിരങ്ങളാണ് പി.ടി. തോമസിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. പാലാരിവട്ടത്തെ വീട്ടിൽ അരമണിക്കൂർ നേരത്തെ പൊതുദർശനത്തിൽ നടൻ മമ്മൂട്ടിയും മുതിർന്ന കോൺഗ്രസ് നേതാക്കളും അന്ത്യാഞ്ജലി അർപ്പിച്ചു. പിന്നീട് എറണാകുളം ഡിസിസി ഓഫിസിലും ടൗൺഹാളിലും പൊതുദര്‍ശനത്തിനുവച്ചു. രാഹുൽഗാന്ധി ടൗൺഹാളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ഉമ്മൻ ചാണ്ടി, കെ സുധാകരൻ, വി ഡി സതീശൻ , വി എം സുധീരൻ കെ.സി.ജോസഫ് തുടങ്ങി മുതിർന്ന കോൺഗ്രസ് നേതാക്കളെല്ലാം വിലാപയാത്രയിലുണ്ടായിരുന്നു.
മൃതദേഹം ഇന്നു പുലർച്ചെയോടെയാണ് ജന്മനാടായ ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ചത്. അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിന് പേരാണ് കാത്തുനിന്നത്.
എറണാകുളം ടൗൺഹാളിലെത്തിയ രാഹുൽ ഗാന്ധി. പി.ടി. തോമസിന്റെ ഭാര്യ ഉമയോടും മക്കളായ വിഷ്ണുവിനോടും വിവേകിനോടും ഏറെ നേരം സംസാരിച്ചു. ഭാര്യ ഉമയേയും മകനെയും നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിച്ചു. കുടുംബത്തിനൊപ്പം ഏറെനേരം ചെലവഴിച്ച ശേഷമാണ് രാഹുൽ അന്ത്യഞ്ജലി അര്‍പ്പിച്ച് മടങ്ങിയത്.
ഉറച്ച നിലപാടുകളും തളരാത്ത പോരാട്ട വീര്യവുമുള്ള പി.ടി.തോമസ് എന്നും ഒരു പോരാളിയായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി പറഞ്ഞു. പി.ടി. തോമസുമായി പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെങ്കിലും അകല്‍ച്ച ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം അനുസ്മരിച്ചു.
പി ടി തോമസിൻ്റെ മൃതദേഹം പാലാരിവട്ടത്തെ വീട്ടിലെത്തിച്ചപ്പോഴാണ് മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. മമ്മൂട്ടിക്ക് വ്യക്തിബന്ധമുള്ള രാഷ്ട്രീയ നേതാവായിരുന്നു പി ടി തോമസ്. ഇരുവരും എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായിരുന്നു.
മരണാനന്തരം ചെയ്യേണ്ട കാര്യങ്ങൾ ഒരു മാസം മുൻപ് പി.ടി. തോമസ് അറിയിച്ച് രേഖപ്പെടുത്തിവച്ചിരുന്നു. കണ്ണുകൾ ദാനം ചെയ്യണം, മൃതദേഹം രവിപുരം ശ്മശാനത്തിൽ ദഹിപ്പിക്കണം, ചിതാഭസ്മം ഉപ്പുതോടിൽ അമ്മയുടെ കുഴിമാടത്തിൽ ഇടണം, മൃതദേഹത്തിൽ പൂക്കളോ, പുഷ്പചക്രമോ പാടില്ല, അന്ത്യോപചാര സമയത്ത് വയലാറിന്റെ ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’ എന്ന പാട്ട് മൃദുവായ ശബ്ദത്തിൽ കേൾപ്പിക്കണം എന്നിവയായിരുന്നു നിർദേശങ്ങൾ.
ആത്മസുഹൃത്തും കെഎസ്‌സി മുൻ സംസ്ഥാന പ്രസിഡന്റുമായ ഡിജോ കാപ്പനെ ഫോണിൽ വിളിച്ചു കഴിഞ്ഞ മാസം 22നാണ് പി.ടി.തോമസ് അന്ത്യാഭിലാഷം രേഖപ്പെടുത്തിയത്. ‘പേടി കൊണ്ടൊന്നുമല്ല, നമ്മൾ എന്നാണെങ്കിലും പോകേണ്ടവരല്ലേ, ആരെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ അറിയേണ്ടേ…’ എന്നു പറഞ്ഞ് 5 ആഗ്രഹങ്ങളും അറിയിച്ചു. എഴുതിയത് വായിച്ചു കേൾപ്പിക്കാനും പറഞ്ഞു. ഡിജോ അപ്രകാരം ചെയ്തു. തൽക്കാലം ആരോടും പറയേണ്ടെന്നും മരണ ശേഷം ഉമയെ അറിയിച്ചാൽ മതിയെന്നുമായിരുന്നു നിർദേശം.
അർബുദത്തിനു ചികിത്സയിലായിരുന്ന പി.ടി.തോമസ് ഇന്നലെ രാവിലെ 10.15നാണ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ അന്തരിച്ചത്. രണ്ടു മാസം മുൻപാണ് രോഗം കണ്ടെത്തിയത്.
തൊടുപുഴയിൽ നിന്നും (1991, 2001) തൃക്കാക്കരയിൽ നിന്നും (2016, 2021) രണ്ടുതവണ വീതം നിയമസഭയിലേക്കും ഇടുക്കിയിൽ നിന്ന് ഒരുതവണ (2009) ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്, കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന ജനറൽ സെക്രട്ടറി, ഇടുക്കി ഡിസിസി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ ചീഫ് എഡിറ്ററും എംഡിയുമായിരുന്നു.