കൊച്ചി : ആറ്റങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പൊതുജനമധ്യത്തിൽ അപമാനിച്ച സംഭവത്തിൽ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതിയുടെ ആവശ്യം സംസ്ഥാന സര്‍ക്കാർ തള്ളി. നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചു. കുട്ടിയുടെ മൗലിക അവകാശം നിഷേധിക്കപ്പെട്ടിട്ടില്ലെന്ന നിലപാടിലാണ് സർക്കാർ. നാല് സാക്ഷിമൊഴികളും ഹാജരാക്കി.
പൊലീസ് ഉദ്യോഗസ്ഥ ചീത്ത വിളിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നാണ് സാക്ഷിമൊഴികൾ. ഉദ്യോഗസ്ഥയുടെ തെറ്റിന് പരമാവധി നടപടി സ്വീകരിച്ചുവെന്നും ഇനിയും നടപടി എടുക്കേണ്ടതില്ലെന്നും സർക്കാർ കോടതിയെ രേഖാമൂലം അറിയിച്ചു.
കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച ഹൈക്കോടതി, കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും നഷ്ടപരിഹാരത്തുക എത്രയാണെന്ന് സർക്കാർ അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പൊതുജനമധ്യത്തിൽ അപമാനിക്കപ്പെട്ട എട്ട് വയസുകാരിക്ക് ജീവിതം കരുപ്പിടിപ്പിക്കാൻ സമൂഹവും സർക്കാരും തുണയാകേണ്ടതുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം.
ആരോപണ വിധേയായ പൊലീസ് ഉദ്യോഗസ്ഥ രജിതയ്ക്കെതിരെ കടുത്ത നടപടി എടുക്കാത്തതിൽ സർക്കാരിനെ രൂക്ഷ ഭാഷയിലാണ് കോടതി വിമർശിച്ചത്. സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നതെന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു. ഉദ്യോഗസ്ഥയെ വൈറ്റ് വാഷ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി.
പൊലീസ് ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തുന്ന രീതിയിൽ പെരുമാറിയതിനല്ല കുട്ടി കരഞ്ഞത് എന്ന സംസ്ഥാന ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നത് ആരെ സംരക്ഷിക്കാൻ ആണെന്നാണ് കോടതി ചോദിച്ചത്. ജനം കൂടിയപ്പോൾ ആണ് കുട്ടി കരഞ്ഞത് എന്ന് ഡിജിപി പറയുന്നത് തെറ്റാണെന്നും വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാർ അഭിഭാഷകൻ എന്തിനാണ് വസ്തുതകൾ വളച്ചൊടിക്കാൻ ശ്രമിക്കുന്നതെന്ന് കോടതി വിമർശിച്ചിരുന്നു.