ഡെൽഹിയിലെ അക്ബർ റോഡിന്റെ പേര് മാറ്റി പകരം ജനറൽ ബിപിൻ റാവത്തിന്റെ പേര് നൽകണം; ആവശ്യമുന്നയിച്ച് ബിജെപി

ന്യൂഡെൽഹി: രാജ്യ തലസ്ഥാനത്തെ അക്ബർ റോഡിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി. പകരം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പേര് നൽകണമെന്നാണ് ആവശ്യം. റാവത്തിന് നൽകാവുന്ന ആദരവായിരിക്കും ഇതെന്ന് ബിജെപി മീഡിയാ വിഭാഗത്തിന്റെ നിവീൻ കുമാർ ജിന്റാൽ ന്യൂഡെൽഹി മുൻസിപ്പൽ കൌൺസിലിന് അയച്ച കത്തിൽ പറയുന്നു.

അക്ബർ റോഡ് ജനറൽ ബിപിൻ റാവത്തിന്റെ പേരിലേക്ക് മാറ്റി രാജ്യത്തെ ആദ്യത്തെ സിഡിഎസിന്റെ ഓർമ്മകൾ ഡെൽഹിയിൽ സ്ഥിരമായി നിലനിർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത് ജനറൽ റാവത്തിന് കൗൺസിൽ നൽകുന്ന യഥാർത്ഥ ആദരവായിരിക്കുമെന്ന് വിശ്വസിക്കുന്നു – മീഡിയ വിഭാഗം അയച്ച കത്തിൽ കുറിച്ചിരിക്കുന്നു.

അക്ബർ ഒരു അതിക്രമിയാണ്. ഇതൊരു പ്രധാന റോഡാണ്. അതുകൊണ്ട് എന്നത്തേക്കുമായി ഈ റോഡ് റാവത്തിന്റെ പേരിലേക്ക് മാറ്റണമെന്നും കത്തിൽ പറയുന്നു. അതേസമയം നിരവധി പേർ സമൂഹ മാധ്യമങ്ങളിലൂടെ ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും ചർച്ച ചെയ്യുമെന്നും ന്യൂഡെൽഹി മുനിസിപ്പൽ കൗൺസിൽ പറഞ്ഞു.

അക്ബർ റോഡിന്റെ പേര് മാറ്റാൻ ഉള്ള ആവശ്യം ഉയരുന്നത് ഇത് ആദ്യമായല്ല, നേരത്തെ മന്ത്രി വി കെ സിംഗ് ഈ ആവശ്യം ഉന്നയിച്ചിരുന്നു. മഹാറാണ പ്രതാപ് റോഡ് എന്നാക്കണമെന്നായിരുന്നു ആവശ്യം. കഴിഞ്ഞ ഒക്ടോബറിൽ അക്ബർ റോഡിലെ സൈൻ ബോർഡുകൾ നശിപ്പിച്ചിരുന്നു. സാമ്രാട്ട് ഹെമു വിക്രമാദിത്യ മാർഗ് എന്ന് എഴുതിയ പോസ്റ്ററുകളും പതിച്ചിരുന്നു. ഹിന്ദു സേനയാണ് ഇതിന് പിന്നിലെന്ന ആരോപണവും ഉയർന്നിരുന്നു. ഡെൽഹിയിലെ വിവിഐപി മേഖലയാണ് അക്ബർ റോഡ്. കോൺഗ്രസ് ഓഫീസും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയും അക്ബർ റോഡിലാണ്.