കോഴിക്കോട്: മതം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞതിന് പിന്നാലെ പേര് മാറ്റി സംവിധായകനും ബിജെപി നേതാവുമായ അലി അക്ബർ. “രാമസിംഹൻ’ എന്ന പേരാണ് അദ്ദേഹം പുതിയതായി സ്വീകരിച്ചത്.
ഇനി ഹിന്ദു ധര്‍മ്മത്തിലേക്കാണ് പോകുന്നതെന്നും നാളെ മുതല്‍ അലി അക്ബറിനെ നിങ്ങള്‍ക്ക് രാമസിംഹന് എന്ന് വിളിക്കാമെന്നും സംസ്കാരത്തോട് ചേര്‍ന്ന് നിന്നപ്പോള്‍ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹന് എന്നും അലി അക്ബര്‍ പറഞ്ഞു.
മതം ഉപേക്ഷിക്കുകയാണെന്ന് അലി അക്ബർ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെയാണ് അറിയിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്കുനേരെ ഫേസ്ബുക്കില്‍ ആഹ്ളാദപ്രകടനം നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു. രാജ്യവിരുദ്ധരുടെ കൂടെ നില്‍ക്കാനാവില്ലെന്ന് അലി അക്ബര്‍ പറഞ്ഞു.
ബിപിന്‍ റാവത്തിന്‍റെ മരണവാര്‍ത്തയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ സ്മൈലികള്‍ ഇടുന്നതായി ചൂണ്ടിക്കാട്ടി അലി അക്ബര്‍ കഴിഞ്ഞ ദിവസം നടത്തിയ ഫേസ്ബുക്ക് ലൈവ് നടത്തിയിരുന്നു. എന്നാല്‍ ലൈവ് വീഡിയോയിലെ വര്‍ഗീയ പരാമര്‍ശം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സംവിധായകന്‍റെ അക്കൗണ്ട് ഒരു മാസത്തേക്ക് നിര്‍ജ്ജീവമാക്കി. തുടര്‍ന്ന് മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു മതം വിടുന്നതായ പ്രഖ്യാപനം.
“ഇമോജി ഇട്ടവര്‍ക്കെതിരെ സംസാരിച്ച് അഞ്ച് മിനിറ്റിനകം അക്കൗണ്ട് ബ്ലോക്ക് ആയി. ഇത് അംഗീകരിക്കാന്‍ പറ്റില്ല. ഇതിനോട് യോജിക്കാനും പറ്റില്ല. അതുകൊണ്ട് ഞാന്‍ എന്‍റെ മതം ഉപേക്ഷിക്കുന്നു. എനിക്കോ എന്‍റെ കുടുംബത്തിനോ ഇനി മതമില്ല.
ജന്മം കൊണ്ട് എനിക്കു കിട്ടിയ ഒരു ഉടുപ്പ് ഞാനിന്ന് വലിച്ചെറിയുകയാണ്. ഇന്ത്യയ്ക്കെതിരെ ആയിരക്കണക്കിന് ഇമോജികള്‍ ഇട്ടവരോടുള്ള എന്‍റെ ഉത്തരമാണിത്. ഭാര്യയുമായി വിശദമായി സംസാരിച്ചതിനു ശേഷമെടുത്ത തീരുമാനമാണിത്”, അലി അക്ബര്‍ ലൈവ് വീഡിയോയില്‍ പറയുന്നു.