ന്യൂഡെൽഹി: ജനറൽ ബിപിൻ റാവത്തും സംഘവും അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന് മുൻപ് സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടിട്ടില്ല. ഒടുവിൽ അറ്റകുറ്റപ്പണികൾ നടത്തിയ ശേഷം 26 മണിക്കൂർ പറന്നു. സേനാ മേധാവികളുടെയും ഭരണത്തലവൻമാരുടെയും സന്ദർശനത്തിന് ഏതാനും ദിവസം മുൻപ് അവർ സഞ്ചരിക്കുന്ന കോപ്റ്റർ സൂലൂരിൽനിന്ന് വെല്ലിങ്ടണിലേക്കും തിരിച്ചും പറക്കണമെന്നാണു ചട്ടം. ‘ഡ്രൈ റിഹേഴ്സൽ’ എന്നാണ് ഇതിനെ വിളിക്കുന്നത്.
വിഐപിയുമായി പറക്കുന്ന സഞ്ചാരപാത, വെല്ലിങ്ടണിലെ ഹെലിപാഡിലെ ലാൻഡിങ് എന്നിവയെല്ലാം ഈ റിഹേഴ്സലിൽ പരിശോധിക്കും. വിഐപിയുമായി പറക്കുന്ന അതേ പൈലറ്റ് തന്നെയാണു റിഹേഴ്സലും നടത്തുന്നത്. തുടർന്നു സൂലൂരിലേക്ക് മടങ്ങിയെത്തുന്ന കോപ്റ്ററിൽ അവസാന വട്ട സാങ്കേതിക പരിശോധനകൾ നടത്തും. അതു പൂർത്തിയാക്കിയ ശേഷം കോപ്റ്റർ സീൽ ചെയ്യും.
വിഐപി എത്തുന്ന ദിവസം മാത്രമേ പിന്നീട് ഉപയോഗിക്കൂ. ഈ പരിശോധനകളെല്ലാം പൂർത്തിയാക്കിയാണ് റാവത്തിനെയും സംഘത്തെയും വഹിച്ച് വെല്ലിങ്ടണിലേക്കു പറന്നത്.