സിങ്കപ്പുർ: കൊറോണ വാക്സിനേഷൻ ബൂസ്റ്റർ ഡോസ് എടുത്തവർക്കും ഒമിക്രോൺ വകഭേദം കണ്ടെത്തി. സിങ്കപ്പുരിലാണ് ബൂസ്റ്റർ ഡോസ് എടുത്തവരിൽ വൈറസ് ബാധ കണ്ടെത്തിയത്. രണ്ട് പേർക്ക് ഒമിക്രോൺ ബാധ കണ്ടെത്തിയിട്ടുണ്ട്.
വിമാനത്താവളത്തിലെ പാസഞ്ചർ സർവീസ് ജീവനക്കാരിയായ 24കാരിക്കാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. ജർമനിയിൽ നിന്ന് ഡിസംബർ 6ന് എത്തിയ ആളാണ് വൈറസ് ബാധിച്ച രണ്ടാമത്തെ വ്യക്തി. വാക്സിനെടുത്തവർ മാത്രം യാത്ര ചെയ്ത വിമാനത്തിലാണ് ഇയാൾ നാട്ടിലെത്തിയത്. രണ്ട് പേരും കൊറോണ വാക്സിനേഷൻ ബൂസ്റ്റർ ഡോസുകൾ സ്വീകരിച്ചവരാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
ഇതുവരെയുള്ള കൊറോണ വകഭേദങ്ങളിൽ ഏറ്റവും അപകടകാരിയാണ് ആഫ്രിക്കൻ വകഭേദമായ ഒമിക്രോൺ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിനാൽ മാത്രം ഒമിക്രോണിനെ നിയന്ത്രിക്കാൻ കഴിയുമെന്ന് ഉറപ്പില്ലെന്നും ബൂസ്റ്റർ ഡോസുകൾ ആവശ്യമായേക്കാമെന്നും ഫൈസർ, ഭാരത് ബയോടെക് പോലുള്ള കമ്പനികൾ പറഞ്ഞിരുന്നു. ഇതിനിടെ ബൂസ്റ്റർ ഡോസ് എടുത്തവർക്കും വൈറസ് ബാധിക്കുന്നത് ആശങ്ക പടർത്തുന്നുണ്ട്.
രോഗം വേഗത്തിൽ പടരുന്നതും ലോകത്ത് കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതും ജാഗ്രതയോടെ കാണണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും സിങ്കപ്പുർ ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.
വാക്സിനേഷന്റെ കാര്യത്തിലും വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട് സിങ്കപ്പുർ. ആകെ ജനസംഖ്യയിലെ 87 ശതമാനം പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് കഴിഞ്ഞു. 29 ശതമാനം പേർക്ക് ബൂസ്റ്റർ ഡോസും നൽകി.