മേട്ടുപ്പാളയം: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ രണ്ട് വാഹനാപകടങ്ങൾ. ആദ്യത്തെ അപകടത്തിൽ പോലീസുകാർ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മതിലിൽ ഇടിക്കുകയായിരുന്നു. ഇതിൽ പത്ത് പോലീസുകാർക്ക് പരിക്കേറ്റു.
അപകടത്തിൽപ്പെട്ടവരുടെ ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് അൽപ്പനേരം ഗതാഗതക്കുരുക്കുണ്ടായി. വിലാപയാത്രയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ആംബുലൻസുകളിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
രണ്ടാമത്തെ അപകടത്തിൽപ്പെട്ടത് മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബലൻസാണ്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടയാത്. അപകടത്തിൽപ്പെട്ട വാഹനം മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയുണ്ടായതിനെ തുടർന്ന് മൃതദേഹം മറ്റൊരു ആംബുലൻസിലേക്ക് മാറ്റിയ ശേഷം വിലാപയാത്ര തുടരുകയാണ്.
സൈനികരുടെ മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള ആംബുലൻസുകൾക്ക് എന്തെങ്കിലും കേട് സംഭവിച്ചാൽ പകരം ഉപയോഗിക്കുന്നതിന് ആറോളം ആംബുലൻസുകളും സജ്ജമാക്കിയിരുന്നു. ഇതിൽ ഒന്നിലേക്കാണ് സൈനികന്റെ മൃതദേഹം മാറ്റി വിലാപ യാത്ര തുടരുന്നത്. സുലൂർ മുതൽ വഴിയരികിൽ കാത്തുനിന്ന ജനക്കൂട്ടം പുഷ്പാർച്ചന നടത്തിയും ദേശീയപതാക വീശിയും ധീര സൈനികർക്ക് ആദരമർപ്പിച്ചു.