വിൻസൻഷ്യൻ കോൺഗ്രിഗേഷൻ മുൻ സുപ്പീരിയർ ജനറൽ ഫാ ജോർജ് കമ്മട്ടിൽ അന്തരിച്ചു

കൊച്ചി: വിൻസൻഷ്യൻ കോൺഗ്രിഗേഷൻ്റെ വളർച്ചയിൽ നിർണായ പങ്ക് വഹിച്ച മുൻ സുപ്പീരിയർ ജനറൽ ഫാ. ജോർജ് കമ്മട്ടിൽ (91) അന്തരിച്ചു. ഇന്ന് പുലർച്ച ഏഴിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  സംസ്കാര ശുശ്രൂഷകൾ  നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് അങ്കമാലി മേരിമാതാ പ്രൊവിൻഷ്യൽ ഹൗസിൽ ആരംഭിക്കും. മൃതദേഹം നാളെ രാവിലെ 7 30 മുതൽ 10 വരെ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പൊതുദർശനത്തിനുവയ്ക്കും.   

കഴിഞ്ഞ മാസം 15നാണ് ഫാ. കമ്മട്ടിലിനെ കൊറോണ ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗസൗഖ്യം നേടി അദ്ദേഹത്തിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയായിരുന്നു. അതിനിടെയാണ് ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം സംഭവിച്ചത്. വിൻസെൻഷ്യൻ കോൺഗ്രിഗേഷൻ അങ്കമാലി മേരിമാതാ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയും ഫാദർ ജോർജ് കമ്മട്ടിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഫാ ജോർജ് കമ്മട്ടിൽ.

എറണാകുളം-അങ്കമാലി അതിരൂപതയിലെ വല്ലകം ഇടവകയിൽ 1932 ഒക്ടോബർ 10 നാണ് ഫാ. ജോർജ് കമ്മട്ടിൽ ജനിച്ചത്. 1960 പൗരോഹിത്യം സ്വീകരിച്ച ഫാ.കമ്മട്ടിൽ ദീർഘകാലം അമേരിക്കയിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഫാ.ജോർജ് കമ്മട്ടിൽ സുപ്പീരിയർ ജനറലായിരുന്ന കാലത്താണ് വിൻസെഷ്യൻ ഏറെ വളർന്നത്.

രണ്ടു തവണ വിൻസെഷ്യൻ സഭാ സൂപ്പീരിയർ ജനറലായിരുന്നു ഫാ.കമ്മട്ടിൽ. സഭയുടെ അങ്കമാലി മേരി മാതാ പ്രൊവിൻഷ്യൽ സുപ്പീരിയറുമായിരുന്നു ഫാ.കമ്മട്ടിൽ. പോട്ട ആശ്രമവും മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രവും ഫാ.കമ്മട്ടിൽ സുപ്പീരിയറായിരിക്കുന്ന കാലത്താണ് ആരംഭിച്ചത്. ഇരു ധ്യാനകേന്ദ്രങ്ങൾക്കും ഇക്കാലത്ത് അദ്ദേഹം ഏറെ പ്രോൽസാഹനം നൽകിയിട്ടുണ്ട്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവിധ കമ്മിറ്റികളിലും അംഗമായിരുന്നു ഫാ.ജോർജ് കമ്മട്ടിൽ. രൂപതയിലെ പ്രേഷിതാരാം സന്യാസിനീ സമൂഹ വളർച്ചയിലും ഫാ. കമ്മട്ടിൽ സ്തുത്യർഹമായ സേവനമാണ് കാഴ്ചവച്ചത്.

പാവങ്ങളോട് ഏറെ കാരുണ്യവും കരുതലും പ്രകടിപ്പിച്ച അദ്ദേഹം ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ദീർഘവീക്ഷണത്തോടെ സഭയ്ക്ക് വേണ്ടി അഹോരാത്രം ശുശ്രൂഷ ചെയ്ത നീതിമാനായ പുരോഹിത ശ്രേഷ്ടനായിരുന്നു ഫാ. ജോർജ് കമ്മട്ടില്ലെന്ന് ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ അനുസ്മരിച്ചു.