ലഖ്നൗ: സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ചുവന്നതൊപ്പി’ ഉത്തർപ്രദേശിന് റെഡ് അലർട്ട് ആണെന്ന് മോദി പറഞ്ഞു. അഖിലേഷ് സ്ഥിരമായി ധരിക്കാറുള്ള ചുവന്ന തൊപ്പിയെ ചൂണ്ടിയാണ് മോദിയുടെ വിമർശനം.
അഖിലേഷിന്റെ ചുവന്നതൊപ്പി അപകട സൂചനയാണെന്നും റെഡ് അലർട്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗോരഖ്പുറിൽ, നവീകരിച്ച വളംഫാക്ടറി-എ.ഐ.ഐ.എം.എസ്. ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. സമാജ് വാദി പാർട്ടി ഭീകരവാദികളോട് അനുകമ്പ പ്രകടിപ്പിക്കുന്നവരാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.
ചുവന്നതൊപ്പിക്കാർക്ക് ചുവന്ന ലൈറ്റുകളിൽ (സർക്കാർ വാഹനങ്ങളുടെ മുകളിൽ കാണുന്ന റെഡ് ബീക്കണുകൾ) മാത്രമാണ് താൽപര്യമെന്ന് ഉത്തർ പ്രദേശുകാർക്ക് മുഴുവനും അറിയാമെന്നും മോദി പറഞ്ഞു. അധികാരത്തോടും വി.ഐ.പി. പദവിയോടും മാത്രമാണ് സമാജ് വാദി പാർട്ടിക്ക് താൽപര്യമെന്ന വിമർശനമാണ് മോദി ഈ പരാമർശത്തിലൂടെ ലക്ഷ്യമാക്കിയത്.
അഴിമതി, കയ്യേറ്റം, മാഫിയകൾക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള സൗകര്യം എന്നിവയ്ക്കു വേണ്ടി മാത്രമാണ് ഈ ആളുകൾക്ക് അധികാരം വേണ്ടത്. ചുവന്ന തൊപ്പിക്കാർ സർക്കാർ രൂപവത്കരിക്കാൻ ആഗ്രഹിക്കുന്നത് ഭീകരവാദികളെ ജയിലിൽനിന്ന് മോചിപ്പിക്കാനാണ്. ചുവന്നതൊപ്പിക്കാർ ഉത്തർ പ്രദേശിന് റെഡ് അലർട്ടാണ്, അപകട മുന്നറിയിപ്പാണ്- മോദി പറഞ്ഞു.
അടുത്തകൊല്ലം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർ പ്രദേശിൽ, അഖിലേഷിന്റെ റാലികളിൽ വൻജനാവലിയാണ് പങ്കെടുക്കുന്നത്.