പത്തനംതിട്ട: കൊല്ലപ്പെട്ട സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പിബിസന്ദീപ്കുമാറിൻ്റെ മടക്കം ജന്മദിനത്തിന് തൊട്ടുമുമ്പ്. പിറന്നാൾ സമ്മാനമായി സുനിത ചുവപ്പ് ഷർട്ട് വാങ്ങുമ്പോൾ ഭാര്യ ഒരിക്കലും ചിന്തിച്ചു കാണില്ല അതിങ്ങനെ ഭർത്താവിന്റെ ജീവനറ്റ ശരീരത്തിന് സമർപ്പിക്കണമെന്ന്. സുനിത വാങ്ങിയ ചുവന്ന ഉടുപ്പ് ചിതയിൽ എരിഞ്ഞടങ്ങി. അച്ഛൻ ഇനി മടങ്ങി വരില്ലെന്ന് മനസിലാകാതെ ഒരു രണ്ട് വയസുക്കാരനും രണ്ട് മാസം പ്രായമുള്ള കുഞ്ഞും കാത്തിരുപ്പുണ്ട്. പാർട്ടിയുടെ രക്തസാക്ഷികൾക്കു നടുവിലാകും ഇനി സന്ദീപിന്റെ സ്ഥാനം. രക്തസാക്ഷികൾ അമരന്മാർ എന്ന് സന്ദീപിന്റെ പേര് ചേർത്ത് ചൊല്ലും. സന്ദീപത്തിന്റെ വിയോഗം കുടുംബത്തിലും രാഷ്ട്രീയത്തിലും തീരാ വിടവ് തന്നെയാണ്
അതിനിടെ കേസിലെ അഞ്ചാം പ്രതി അഭിയും ഇന്നലെ പിടിയിലായി. ആലപ്പുഴയിലെ എടത്വയിൽ നിന്നാണ് അഭി അറസ്റ്റിലായത്. ചാത്തങ്കരി കണിയാംപറമ്പിൽ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ് (23), കാവുംഭാഗം വേങ്ങൽ നന്ദു ഭവനിൽ നന്ദു (24), കണ്ണൂർ ചെറുപുഴ മരുത്തംപടി കുന്നിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ(22) എന്നിവരെ ഇന്നു പുലർച്ചെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ആദ്യ മൂന്നു പേരെയും ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പിടികൂടിയത്.
കൊലപാതകത്തിന്റെ സൂത്രധാരൻ ജിഷ്ണുവാണെന്നാണ് പ്രഥമീക പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. പ്രതി ജിഷ്ണു മുഹമ്മദ് ഫൈസലിനെ ജയിലിൽ വച്ചാണ് പരിചയപ്പെട്ടത്. ഗുണ്ടാ സംഘങ്ങളിൽപ്പെട്ടവരാണ് പിടിയിലായവരെല്ലാം. നേരത്തെ ജയിലിലും കിടന്നിട്ടുണ്ട്.
വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോൾ രണ്ട് ബൈക്കിലെത്തിയ അഞ്ചംഗ സംഘം വഴിയിൽ തടഞ്ഞാണ് ആക്രമിച്ചത്. നിലതെറ്റി റോഡിൽ വീണ് എഴുന്നേൽക്കുന്നതിനിടെ കുത്തിവീഴ്ത്തി. നെഞ്ചത്തും പുറത്തുമായി നിരവധി കുത്തേറ്റു. കൈയ്ക്കും കാലിനും വെട്ടുമുണ്ട്. വ്യാഴം രാത്രി എട്ടോടെ വീടിന് അടുത്ത് ചാത്തങ്കേരി എസ്എൻഡിപി ഹൈസ്കൂളിന് സമീപത്തെ കലുങ്കിനടുത്തായിരുന്നു ആക്രമണം. രാഷ്ട്രീയ സംഘർഷം തീരെയില്ലാത്ത പ്രദേശത്താണ് ആസൂത്രിത ആക്രമണം.
കൊലപാതകത്തിന് പിന്നിൽ സിപിഎം ക്വട്ടേഷൻ സംഘമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ എ.വിജയരാഘവനും സിപിഎം നേതൃത്വവും മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഗുണ്ടാസംഘം നടത്തിയ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവെച്ച് നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് സിപിഎം സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. സംഭവത്തിൽ ബിജെപിക്ക് പങ്കില്ലെന്ന് വിശദീകരിക്കുകയാണ് ബിജെപി.
മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പിണറായി വിജയന്റെ പൊലീസ് തന്നെ വ്യക്തമാക്കിയിട്ടും സിപിഎം നേതാക്കൾ ആർഎസ്എസിന്റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണ്. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന പൊലീസിന്റെ കണ്ടെത്തൽ അംഗീകരിക്കാതെ ഉൾപ്പാർട്ടി പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പെരിയ ഇരട്ടക്കൊലയിൽ മുൻ എംഎൽഎയെ സിബിഐ പ്രതി ചേർത്തതോടെ പ്രതിരോധത്തിലായ സിപിഎമ്മും സർക്കാരും ഒരു രക്തസാക്ഷിയെ സൃഷ്ടിക്കാനുള്ള വ്യഗ്രതയിലാണ്. തുടർച്ചയായ കൊലപാതകങ്ങളും ഭീകരവാദ പ്രവർത്തനങ്ങളും കേരളത്തിലെ ആഭ്യന്തരവകുപ്പ് പൂർണ്ണ പരാജയമാണെന്ന് അടിവരയിടുന്നതായും സുരേന്ദ്രൻ പറഞ്ഞു.
സന്ദീപ് കൊല്ലപ്പെട്ട സംഭവത്തിൽ ആർഎസ്എസിനോ സംഘ പരിവാർ സംഘടനകൾക്കോ യാതൊരു ബന്ധവും ഇല്ലെന്ന് ജില്ലാ കാര്യവാഹ് ജി. രജീഷും പറഞ്ഞു. സംഭവം ആർഎസ്എസിന്റെ തലയിൽ കെട്ടിവെയ്ക്കാനുള്ള ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു. വാർത്താ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊലപാതകത്തെ ജില്ലാ കാര്യസമിതി ശക്തമായി അപലപിക്കുന്നു. ആർഎസ്എസിന്റെ തലയിൽ കെട്ടിവെയ്ക്കാനുള്ള നീക്കം പ്രതിഷേധാർഹമാണ്. സംഭവത്തിൽ ശരിയായ അന്വേഷണം നടത്തി കൊലയ്ക്ക് പിന്നിലുള്ള ശക്തികളെ വെളിച്ചത്തുകൊണ്ടുവരണം. മാധ്യമങ്ങൾ ശരിയായി അന്വേഷിച്ച് ഉത്തരവാദിത്തത്തോടെ വാർത്ത റിപ്പോർട്ട് ചെയ്യണമെന്നും രജീഷ് കൂട്ടിച്ചേർത്തു. ബിജെപി ജില്ലാ അധ്യക്ഷൻ വി.എ. സൂരജും കൊലപാതകത്തിൽ പാർട്ടി പ്രവർത്തകർക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം സന്ദീപിന്റേത് രാഷ്ട്രീയക്കൊലപാതകമല്ല, വ്യക്തിവൈരാഗ്യം മൂലമാണെന്ന് പൊലീസ് അറിയിച്ചു. കേസിൽ അറസ്റ്റിലായ പ്രതികളും ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസും സൂചന നൽകുന്നു. ഇന്ന് പുലർച്ചയോടെയാണ് നാല് പ്രതികൾ അറസ്റ്റിലായത്. പെരിങ്ങര സ്വദേശികളായ ജിഷ്ണു, നന്ദു, പ്രമോദ് എന്നിവരും കണ്ണൂർ സ്വദേശി മുഹമ്മദ് ഫൈസലുമാണ് പിടിയിലായത്. ഗുണ്ടാ സംഘങ്ങളിൽപ്പെട്ടവരാണ് പിടിയിലായവരെല്ലാം. നേരത്തെ ജയിലിലും കിടന്നിട്ടുണ്ട്. ജയിലിൽ വച്ചാണ് ജിഷ്ണു മുഹമ്മദ് ഫൈസലിനെ പരിചയപ്പെടുന്നത്. ആർഎസ്എസ് പ്രവർത്തകരാണ് കൊലയ്ക്കു പിന്നിലെന്ന് വരുത്തി തീർക്കാർ സിപിഎം നീക്കം നടത്തിയെങ്കിലും പ്രതികൾ അറസ്റ്റിലായതോടെ വ്യക്തിവൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് പുറത്തുവരികയായിരുന്നുവെന്ന് പരിവാറുകാർ വിശദീകരിക്കുന്നു.
27 വർഷത്തിന് ശേഷം പെരിങ്ങര പഞ്ചായത്ത് ഭരണം എൽഡിഎഫ് തിരിച്ചുപിടിച്ചതിൽ സന്ദീപിന്റെ പങ്ക് നിർണായകമായിരുന്നു. പ്രദേശത്ത് നിരവധി ബിജെപി പ്രവർത്തകർ സിപിഐ എമ്മിനൊപ്പം ചേർന്നിരുന്നു. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ കണാപറമ്പിൽ ജിഷ്ണു അടക്കമുള്ള അഞ്ചംഗ സംഘമാണ് കൊലപാതകത്തിനു പിന്നിലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ കടന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തും. ചാത്തങ്കേരി പുത്തൻപറമ്പിൽ ബാലന്റെ മകനാണ്. ഭാര്യ സുനിത. അമ്മ ഓമന. മക്കൾ: നിഹാൽ (മൂന്നര), മൂന്നു മാസം പ്രായമുള്ള പെൺകുട്ടിയുണ്ട്.