ന്യൂഡെൽഹി: കഴിഞ്ഞ വർഷം ചരിത്രത്തിൽ ആദ്യമായി രാജ്യത്ത് മൊബൈലിലൂടെയുള്ള പണമിടപാടുകൾ എടിഎം ഇടപാടുകളെ മറികടന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിൽ ഇന്ത്യ ആർക്കും പുറകിലല്ലെന്ന് മോദി പറഞ്ഞു. ഇന്റർനാഷണൽ ഫിനാൻഷ്യൽ സെർവീസ് സെന്റ്രസ് അതോറിറ്റി സംഘടിപ്പിച്ച ഇൻഫിനിറ്റി ഫോറം എന്ന പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു പരമ്പരാഗത ബ്രാഞ്ച് ഓഫീസ് പോലും ഇല്ലാത്ത പൂർണമായും ഡിജിറ്റലായി പ്രവർത്തിക്കുന്ന ബാങ്കുകൾ ഇന്നൊരു യാഥാർഥ്യമാണ്. കുറഞ്ഞകാലം കൊണ്ട് തന്നെ രാജ്യത്ത് ഇത്തരം ബാങ്കുകൾ സർവ്വസാധാരണമാകും. ഫിനാഷ്യൽ ടെക്നോളജി സംരഭങ്ങളിൽ നിന്ന് ഫിനാഷ്യൽ ടെക്നോളജി വിപ്ലവത്തിലേക്കുള്ള മാറ്റത്തിന്റെ സമയമാണിത്.
രാജ്യത്തെ ഓരോ പൗരനും സാമ്പത്തിക ശാക്തീകരണം നൽകാൻ സഹായിക്കുന്നതാവണം ആ വിപ്ലവം, പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ അനുഭവങ്ങളും വൈദഗ്ധ്യവും മറ്റുള്ളവർക്ക് പങ്കുവെയ്ക്കുന്നതിലും അവരിൽ നിന്ന് കൂടുതൽ മനസ്സിലാക്കുന്നതിലുമാണ് നാം വിശ്വസിക്കുന്നത്. നമ്മുടെ സാങ്കേതിക സംവിധാനങ്ങൾക്ക് ലോകത്തിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ സാധിക്കുമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.