കണ്ണൂർ: തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ സ്റ്റഡീസിൽ വീണ്ടും റാഗിങ് നടന്നതായി പരാതി. രണ്ടാംവർഷ ബികോം വിദ്യാർത്ഥിയായ അസ്‍ലഫിനെ ഒരുകൂട്ടം മൂന്നാംവർഷ വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. സംഭവത്തിൽ അസ്‍ലഫ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. ഇന്നലെ ഉച്ചയോടെയാണ് സർ സയ്യിദ് മാനേജ്മെൻ്റിന് കീഴിൽ തന്നെയുള്ള ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ടാം വർഷ വിദ്യാർത്ഥി അസ്‍ലഫിനെ ഒന്‍പത് സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചത്.
സീനിയർ വിദ്യാർത്ഥികൾ മറ്റ് വിദ്യാർത്ഥികളെ റാഗ് ചെയ്യുന്നത് തടഞ്ഞതിന്‍റെ ദേഷ്യമാണ് മർദ്ദനത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തിൽ അസ്‍ലഫ് കോളേജ് പ്രിൻസിപ്പൾക്കും തളിപ്പറമ്പ് പൊലീസിനും പരാതി നൽകി. കൈക്കും കാലിനും പരിക്കേറ്റ അസ്‍ലഫ് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേളേജിൽ നിന്ന് പരാതി ലഭിച്ചാൽ കേസെടുക്കുമെന്ന് തളിപ്പറമ്പ് പൊലീസ് അറിയിച്ചു.
അന്വേഷണത്തിൽ റാഗിങ് നടന്നതായി മനസ്സിലായെന്നും ഉടൻ പരാതി പൊലീസിന് കൈമാറുമെന്നും കോളേജ് പ്രിൻസിപ്പലും വ്യക്തമാക്കി. കഴിഞ്ഞമാസം റാഗിങ് പരാതിയില്‍ സർ സയ്യിദ് കോളേജിലെ നാല് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ഷഹസാദിനെ മര്‍ദ്ദിച്ചതിനായിരുന്നു അറസ്റ്റ്.
ക്ലാസിലിരിക്കുകയായിരുന്ന ഷഹസാദിനോട് രണ്ടാംവർഷ സീനിയർ പെൺകുട്ടികൾ പാട്ട് പാടാൻ ആവശ്യപ്പെട്ടു. എന്നാൽ ഷഹസാദ് പാടാൻ തയ്യാറായില്ല. ഇതിന് പിന്നാലെ ഒരു കട്ടം ആൺകുട്ടികൾ ക്ലാസിന് പുറത്ത് എത്തുകയും ഷഹസാദിനെ ശുചിമുറിയിലേക്ക് കൂട്ടികൊണ്ടുപോയി മർദ്ദിക്കുകയും ചെയ്തു.
മര്‍ദ്ദനത്തില്‍ ഷഹസാദിന് തലയ്ക്കും ചെവിക്കും പരിക്കേറ്റിരുന്നു. മർദ്ദിച്ചത് പുറത്ത് പറയരുതെന്ന് സീനിയർ വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തിയാണ് മടങ്ങിയത്. ഷഹസാദ് കോളേജ് പ്രിൻസിപ്പളിന് പരാതി നൽകിയതോടെ പ്രിൻസിപ്പൾ പരാതി തളിപ്പറമ്പ് പൊലീസിന് കൈമാറി. കേസിൽ രണ്ടാം വർഷ വിദ്യാർത്ഥികളായ നാലുപേരെ റാഗിങ് കുറ്റം ചുമത്തി തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അധ്യയന വർഷം തുടങ്ങിയതിന് ശേഷം ഇത് മൂന്നാംതവണയാണ് കണ്ണൂരിൽ നിന്ന് റാഗിങ് പരാതി ലഭിക്കുന്നത്. നേരത്തെ പാലയാട് നെഹർ കോളേജിലും റാഗിങ്ങ് നടന്നിരുന്നു.