മസ്കത്ത്: കൊറോണ വൈറസിന്റെ പുതിയ വകഭേദം ലോകത്ത് ആശങ്ക പരത്തുന്നതിനിടെ കേരളത്തിലേക്ക് ബജറ്റ് എയര്ലൈന്സെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന എയര്‍ഇന്ത്യ എക്സ്പ്രസ് പോലും ഇടാക്കുന്നത് ഏറ്റവും ഉയര്‍ന്ന നിരക്കുകള്‍.
വെക്കേഷന് ഇന്ത്യന്‍ സ്കൂളുകള്‍ അടക്കാനിരിക്കെ നിരവധി പേര് യാത്ര ചെയ്യാനൊരുങ്ങുമ്പോഴാണ് വിമാന കമ്പനികൾ ഉയര്‍ന്ന നിരക്കുകള്‍ നടത്തുന്നത്. ഇതോടെ ബജറ്റ് വിമാനമായ എയര്‍ഇന്ത്യ എക്സ്പ്രസും ഒമാന്‍ എയറും തമ്മില്‍ ടിക്കറ്റ് നിരക്കുകളില്‍ വലിയ അന്തരം ഇല്ലാതായി.
ഡിസംബര്‍ രണ്ടാംവാരം മുതല്‍ ജനുവരി മൂന്നാംവാരത്തിനുള്ളില്‍ ഇന്ത്യയില്‍ പോയി വരാന്‍ ടിക്കറ്റ് നിരക്ക് മാത്രം ചുരുങ്ങിയത് 275 റിയാലെങ്കിലും വേണ്ടിവരും. ഡിസംബര്‍ ആദ്യം മുതല്‍തന്നെ മസ്കത്തില് നിന്ന് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള ടിക്കറ്റ് നിരക്കുകള്‍ 100 റിയാല്‍ കടക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് മസ്കത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകളും ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. ജനുവരി ആദ്യ വാരത്തിലെ ചില ദിവസങ്ങളില്‍ ടിക്കറ്റ് നിരക്കുകള്‍ വണ്‍വേക്ക് 215 റിയാല്‍ വരെ എത്തുന്നുണ്ട്.
മസ്കത്ത്-കോഴിക്കോട്-മസ്കത്ത് സക്ടറില് ടിക്കറ്റ് നിരക്കുകള്‍ താരതമ്യേന കുറവായിരുന്നു. സലാം എയറിന്റെ സാന്നിധ്യമായിരുന്നു ടിക്കറ്റ് നിരക്കുകള്‍ കുറയാന്‍ കാരണം. മസ്കത്തില്‍നിന്ന് കോഴിക്കോടേക്ക് ചില ദിവസങ്ങളില്‍ 70 റിയാലിന് വരെ ടിക്കറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍, ഡിസംബര്‍ 15നുേശഷം സലാം എയര്‍ കേരള സെക്ടറിലെക്ക് ടിക്കറ്റുകള്‍ ബുക്കിങ് നടത്തുന്നത് നിര്‍ത്തിവെച്ചതോടെ ആശ്വാസവും നിലച്ചു.
മസ്കത്തില് നിന്ന് കോഴിക്കോടേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റ് നിരക്കുകള്‍ അധിക ദിവസങ്ങളിലും 106 റിയാലാണ്. ഡിസംബര്‍ അവസാനം മാത്രമാണ് 85 റിയാലായി കുറയുന്നത്. കോഴിക്കോട് നിന്ന് മസ്കത്തിലേക്ക് എയര്‍ഇന്ത്യ എക്സ്പ്രസ് 134 മുതല്‍ 215 റിയാല്‍ വരെ ഈടാക്കുന്നുണ്ട്. ജനുവരി അഞ്ച്, ഏഴ് തീയതികളില്‍ 215 റിയാല്‍ നിരക്കാണ് ഇടാക്കുന്നത്. കൊച്ചിയില്‍ നിന്ന് ജനുവരി മൂന്നിന് മസ്കത്തിലേക്ക് വരുന്നവരില്‍ നിന്ന് 229 റിയാലാണ് നിരക്ക് ഈടാക്കുന്നത്. കൊച്ചിയില്‍ നിന്ന് ജനുവരി 21ന് ശേഷമാണ് നിരക്കുകള്‍ 177 റിയാലിലെത്തുന്നത്. തിരുവനന്തപുരത്തുനിന്നും കണ്ണൂരില്‍ നിന്നും മസ്കത്തിലേക്ക് ജനുവരി ആദ്യവാരത്തില്‍ 188 റിയാലാണ് നിരക്ക്. മസ്കത്തില് നിന്ന് കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കും ഡിസംബര്‍ അവസാനം വരെ 100 റിയാലില്‍ കൂടുതല്‍ തന്നെയാണ് നിരക്കുകള്‍ ഈടാക്കുന്നത്.
കേരളത്തില്‍നിന്ന് മസ്കത്തിലേക്ക് തിരിച്ചുവരാനുള്ള നിരക്കുകള്‍ ഉയര്‍ന്നുതന്നെ നില്ക്കുന്നതിനാല് സാധാരണക്കാരായ പ്രവാസികള്‍ പലരും നാട്ടില്‍ പോകാന്‍ മടിക്കുകയാണ്. കുറഞ്ഞ ശമ്പളക്കാരായ ഇവരില്‍ ചിലര്‍ വര്‍ഷങ്ങളായി നാട്ടില്‍ പോകാത്തവരാണ്. കേരളത്തില്‍ നിന്നുള്ള ടിക്കറ്റ് നിരക്കുകള്‍ കുറയുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയായിരുന്നു ഇവരില്‍ പലരും. അന്താരാഷ്ട്ര വിമാന കമ്ബനികള്‍ക്ക് അനുവാദം ലഭിക്കുമെന്നും അതുവഴി ടിക്കറ്റ് നിരക്കുകള്‍ കുറയുമെന്നും പലരും കാത്തിരുന്നെങ്കിലും പുതിയ വകഭേദം ഭീതി പരത്തിയതോടെ ആ പ്രതീക്ഷയും അവസാനിച്ചിട്ടുണ്ട്.