ദുബായ് : വിദേശ രാജ്യങ്ങളിൽ കൊറോണ വ്യാപനവും മരണങ്ങളും വർദ്ധിച്ച സാഹചര്യത്തിൽ ഉടൻ ആരംഭിക്കുന്ന അവധിക്കാലത്ത് പ്രത്യേക ആരോഗ്യ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ. വിദേശരാജ്യങ്ങളിൽ കർശന കൊറോണ നിയന്ത്രണങ്ങളുള്ളത് കാരണം യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് യുഎഇ ആരോഗ്യമേഖലാ വക്താവ് ഡോ.ഫരീദ അൽ ഹൊസാനി അറിയിച്ചു.
യുഎഇ ദേശീയദിനം, സ്മരണ ദിനം പ്രമാണിച്ച് 4 ദിവസത്തെ അവധി ലഭിക്കുന്നുണ്ട്. കൂടാതെ ശൈത്യകാല അവധിക്കായി ഡിസംബർ 9ന് മൂന്ന് ആഴ്ചത്തേക്ക് സ്‌കൂളുകൾ അടയ്‌ക്കുന്നതോടെ വിദേശയാത്ര വർധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. വാക്‌സിൻ എടുത്തവർക്ക് വിദേശ യാത്ര അനുവദനീയമാണെങ്കിലും ജാഗ്രത വേണമെന്ന് ആരോഗ്യമേഖലാ വക്താവ് ഓർമിപ്പിച്ചു.
യുഎഇക്ക് പുറത്തേക്കുള്ള യാത്രകളിൽ കൃത്യമായ ആസൂത്രണം ഉണ്ടായിരിക്കണം. വിദേശയാത്ര ഒഴിവാക്കാനാകാത്തവർ ആ രാജ്യത്തെ കൊറോണ സാഹചര്യം വിലയിരുത്തിയ ശേഷമേ തീരുമാനമെടുക്കാവൂ. യൂറോപ്പിലും മറ്റും ഇപ്പോഴും റെക്കോഡ് കൊറോണ സംഖ്യയാണ് രേഖപ്പെടുത്തുന്നത്. അതേസമയം യുഎഇയിൽ കേസുകൾ ഏറ്റവും താഴ്ന്ന നിലയിലാണ്. ഏറ്റവും മികച്ച പ്രതിരോധ നടപടികളാണ് രാജ്യം സ്വീകരിച്ചുവരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.