സംസ്‌ഥാനത്ത്‌ നാളെ മുതല്‍ വ്യാപകമായ മഴയ്‌ക്കു സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ നാളെ മുതല്‍ വ്യാപകമായ മഴയ്‌ക്കു സാധ്യതയുണ്ടെന്ന്‌ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്‌ യെലോ അലെര്‍ട്ട്‌ പ്രഖ്യാപിച്ചു. 23 ന്‌ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെലോ അലെര്‍ട്ടുണ്ട്‌.

24-ന്‌ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെലോ അലെര്‍ട്ടുണ്ട്‌. സംസ്‌ഥാനത്ത്‌ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയാണ്‌ പ്രവചിക്കപ്പെട്ടിരിക്കുന്നത്‌. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്‌തമായ ഇടിയോടു കൂടിയ മഴക്ക്‌ സാധ്യതയുണ്ട്‌.

അതേസമയം രണ്ട്‌ സ്‌പില്‍വേ ഷട്ടറുകള്‍ തുറന്ന്‌ ജലം പുറത്തേക്ക്‌ ഒഴുക്കിയിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ്‌ 141.10 അടിയില്‍ തുടരുന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ കുറവുണ്ടായിട്ടില്ല. സെക്കന്‍ഡില്‍ 3240 ഘനയടി വീതം ജലമാണ്‌ അണക്കെട്ടിലേക്ക്‌ ഒഴുകിയെത്തുന്നത്‌. 2300 ഘനയടി വീതം ജലമാണ്‌ തമിഴ്‌നാട്‌ കൊണ്ടുപോകുന്നത്‌. ഇന്നലെ അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശത്തും പരിസര പ്രദേശങ്ങളിലും മഴ ഇല്ലാതെയിരുന്നിട്ടും കാട്ടരുവികളില്‍ നിന്നും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്‌ തുടരുകയാണ്‌.

അണക്കെട്ടിലെ ജലനിരപ്പ്‌ 141 അടിയില്‍ നിന്നും താഴ്‌ന്നു പോകാതെ നിലനിര്‍ത്താനാണ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ തമിഴ്‌നാട്‌ നിര്‍ദേശം നല്‍കിയിട്ടുള്ളത്‌. അതേസമയം ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ ഒരുമീറ്റര്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പുയരുകയാണ്‌. ഇന്നലെ രാവിലെ പത്തിനാണ്‌ ഷട്ടര്‍ ഒരുമീറ്ററായി ഉയര്‍ത്തിയത്‌. രാവിലെ 2399.98 അടിയായിരുന്നു. വൈകിട്ട്‌ 2400 അടിയിലെത്തി.