തിരുവനന്തപുരം: സിപിഎം വർക്കല ഏരിയ സമ്മേളനത്തിൽ സംഘർഷം. 4 പേർക്കു നിസാര പരുക്കേറ്റു. ഏരിയാ കമ്മിറ്റിയിലേക്കു മത്സരം നടത്താൻ ശ്രമമുണ്ടായി. കടകംപള്ളി സുരേന്ദ്രൻ ഇടപെട്ട് മത്സരനീക്കം തടഞ്ഞു. ചില നേതാക്കളെ ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയതാണ് വാക്കുതർക്കത്തിലേക്കു നയിച്ചത്. വർക്കല ഏരിയ സെക്രട്ടറിയായി യൂസഫിനെ തെരഞ്ഞെടുത്തു.
മുൻ ഏരിയ കമ്മറ്റി അംഗം നഹാസിനെയും ഇടവ പഞ്ചാത്ത് അംഗവും സിൻഡിക്കേറ്റ് അംഗവുമായ റിയാസ് വഹാബിനെയും ഏരിയ കമ്മറ്റിയിൽ ഉൾപ്പെടുത്താത്തതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. ഏരിയാ സെക്രട്ടറിയായിരുന്ന രാജീവിന്റെ മകൻ ലെനിൻ, മുൻ ഏരിയ സെക്രട്ടറി സുന്ദരേശന്റെ മകൾ സ്മിത എന്നിവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
നഹാസിനെയും റിയാസിനെയും അനുകൂലിക്കുന്നവർ സമ്മേളന ഹാളിലേക്കു കടക്കാൻ ശ്രമിച്ചു. റെഡ് വളന്റിയർമാർ ഇതു തടഞ്ഞതോടെ ഉന്തും തള്ളുമായി. സംഘർഷം ഡയസിലേക്കും നീങ്ങി. സംഭവം നടക്കുമ്പോൾ മുതിർന്ന നേതാക്കളായ എം.വിജയകുമാറും കടകംപള്ളി സുരേന്ദ്രനും സമ്മേളന ഹാളിലുണ്ടായിരുന്നു.