തിരുവനന്തപുരം; കെഎസ് ആർടിസിയുടെ കാലഹരണപ്പെട്ട സൂപ്പർ ക്ലാസ് ബസുകൾ മാറ്റുന്നതിനായി ലക്ഷ്വറി ക്ലാസും, പുതിയായി ആരംഭിക്കുന്ന ഗ്രാമവണ്ടിക്കുമായി ഡ്രൈ ലീസ് വ്യവസ്ഥയിൽ ബസുകൾ ലഭ്യമാക്കുന്നതിനായി കെഎസ്ആർടിസി ദർഘാസ് ക്ഷണിച്ചു. ആദ്യഘട്ടത്തിൽ 250 ബസുകളാണ് ഇത്തരത്തിൽ എടുക്കുന്നത്.
പ്രീമിയം ക്ലാസ് ലക്ഷ്വറി എ.സി ബസുകൾ (10 എണ്ണം), എ.സി സെമി സ്ലീപ്പർ ബസ് (20 എണ്ണം), നോൺ എ.സി എയർ സസ്പെൻഷൻ ബസ് ( 20 എണ്ണം), നോൺ എ.സി മിഡി ബസ് (ഫ്രണ്ട് എഞ്ചിൻ)(100 എണ്ണം), നോൺ എസി മിഡി ബസ് ( 100 എണ്ണം) ഇത്രയും ബസുകൾക്കാണ് ദർഘാസ് ക്ഷണിച്ചിരിക്കുന്നത്. ഈ മാസം 26 ന് ഉച്ചയ്ക്ക് 3 മണിവരെ ഓൺലൈനായി ടെന്റർ സമർപ്പിക്കാം.
കരാറിൽ ഏർപ്പെടുന്നവർ ഡ്രൈവറും കണ്ടക്ടറുമില്ലാതെ ബസുകൾ കെഎസ്ആർടിസിക്ക് നൽകണം. ദർഘാസിൽ പങ്കെടുക്കുന്ന ഒരാൾ മിനിമം 10 ബസുകളെങ്കിലും നൽകേണ്ടതാണ്. എന്നാൽ 10ന് മുകളിൽ എത്ര ബസുകൾ വേണമെങ്കിലും നൽകാം. ബസിന്റെ ഉടമ, അല്ലെങ്കിൽ പ്രൊവൈഡർ, ഉടമയും, ബസ് പ്രൊവൈഡറുമായുള്ള കൺസോഷ്യം എന്നിവർക്കും ദർഘാസിൽ പങ്കെടുക്കാം.
കരാറിൽ ഏർപ്പെട്ട് സർവ്വീസുകൾ ആരംഭിച്ച് കഴിഞ്ഞാൽ ബസുകൾ സർവ്വീസ് കഴിഞ്ഞ് ബെയ്സ് സ്റ്റേഷനിൽ എത്തുമ്പോൾ അതാത് ദിവസം തന്നെ കരാറുകാരുടെ പ്രതിനിധിക്ക് ബസിന് കേടുപാടുകൾ ഉണ്ടോ നോക്കി റിപ്പോർട്ട് ചെയ്യണം. അങ്ങനെ അറിയിക്കാത്ത പക്ഷം പിന്നീട് ഉന്നയിക്കുന്ന കേടുപാടുകൾക്ക് കെഎസ്ആർടിസി ഉത്തരവാദിയായിരിക്കില്ല.
ഓരോ ദിവസവും സർവ്വീസ് നടത്തുന്ന കിലേമീറ്ററിന്റെ 75% തുക അതാത് ദിവസം തന്നെ ബസുടമയ്ക്ക് നൽകും. ബാക്കിയുള്ള തുക 15 ദിവസം കൂടുമ്പോൾ ബിൽ നൽകുന്ന മുറയ്ക്ക് നൽകുകയും ചെയ്യും. ആദ്യഘട്ടത്തിൽ ദീർഘദൂര ബസുകൾക്കാണ് മുൻഗണന. സിറ്റിയിൽ ഫീഡർ സർവ്വീസ് ആയും ഇത്തരത്തിൽ ബസുകൾ ഉപയോഗിക്കും. കെഎസ്ആർടിസിയിലെ ഡ്രൈവർ, കണ്ടക്ടർമാർ ആയിരിക്കും ബസുകളിൽ സർവ്വീസ് നടത്തുക.
ബസിന്റെ മെയിന്റനൻസ്, ടയർ ഇൻഷ്വറൻസ് എന്നിവ വഹിക്കേണ്ടത് ഉടമകളാണ്. എന്നാൽ സ്റ്റേജ് ഗ്യാരേജ് പെർമിറ്റ് കെഎസ്ആർടിസി എടുക്കും. കോൺട്രാക് ക്യാരേജ് ബസുകൾക്ക് ഒരു വാതിൽ മാത്രമേ പാടുള്ളൂ. ദീർഘ ദൂര ബസ് അല്ലാത്തവയ്ക്ക് രണ്ട് ഡോർ നിർമ്മിച്ച് നൽകേണ്ട ചുമതലയും കെഎസ്ആർടിസി നിർദ്ദേശിക്കുന്ന കളറും ഡിസൈനുമായുള്ള പെയിന്റ് അടിച്ച് നൽകേണ്ടതും ബസ് നൽകുന്നരുടെ ഉത്തരവാദിത്തമാണ്. മൂന്ന് വർഷത്തേക്കാണ് ഇത്തരത്തിലുള്ള കരാറിൽ കെഎസ്ആർടിസി ഏർപ്പെടുന്നത്. ഇതിനായി കുറഞ്ഞത് നാല് വർഷം വരെ പഴക്കമുള്ള ബസുകളാണ് വേണ്ടത്.
കൂടുതൽ പുതിയ ബസുകൾ നൽകിയാൽ 3 വർഷത്തിൽ കൂടുതൽ കരാർ നൽകുന്നത് കെഎസ്ആർടിസി ആലോചിക്കും. കെഎസ്ആർടിസിയിൽ സൂപ്പർ ക്ലാസ് ഇനത്തിൽപ്പെട്ട 704 ഓളം ബസുകൾ 7 വർഷത്തെ കാലാവധി കഴിഞ്ഞിട്ടും സർക്കാർ 2 വർഷം കൂടെ പെർമിറ്റ് ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്., 7വർഷക്കാലവധി കഴിഞ്ഞിട്ടും പെർമിറ്റ് കാലാവധി ദീർഘിപ്പിക്കാനുള്ള കാരണം സൂപ്പർഫാസ്റ്റ് ബസുകളുടെ ഷോർട്ടേജ് കാരണമാണ്.
പുതിയതായുള്ള ബസുകൾ കൂടി വരുന്നതോടെ ദീർഘദൂര സർവ്വീസുകളിൽ ഇവയെ ഉൾപ്പെടുത്തും. ഇതോടൊപ്പം കെഎസ്ആർടിസിക്ക് പ്രയോജനം ഉണ്ടാകുന്നതിന് പുറമെ ഈ മേഖലയിൽ നിലവിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധി മറികടക്കുന്നതിന് ഉടമകളെക്കൂടി സഹായിക്കണമെന്നുള്ള സർക്കാർ നയത്തിന്റെ ഭാഗമായി ഗതാഗത മന്ത്രി ആന്റണി രാജു നൽകിയ നിർദ്ദേശപ്രകാരമാണ് ഇപ്പോഴത്തെ ടെന്റർ നടപടികൾ നടത്തുന്നത്.