പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ദിവസം മൂന്ന് ദിവസം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാനാകാതെ പൊലീസ്. ഒരു പ്രതിയുടെ രേഖാചിത്രം ഇന്ന് പുറത്തുവിടും. മൂന്നു ദിവസമായിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് രേഖാ ചിത്രം പുറത്തുവിടാന്‍ തീരുമാനിച്ചത്. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നതിനായി കൂടുതല്‍ എസ്ഡിപിഐ (SDPI)പ്രവര്‍ത്തകരെ ചോദ്യം ചെയ്യും.
പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ വിവരങ്ങളും പുറത്തുവിടാന്‍ ഇന്നലെ ഉത്തരമേഖലാ ഐജി അശോക് യാദവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. പ്രതികള്‍ വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ കടന്നു കടഞ്ഞതായും പൊലീസ് സംശയിക്കുന്നു. അതിനിടെ കൂടുതല്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ മൊഴി എടുക്കാന്‍ വിളിപ്പിച്ചിട്ടുണ്ട്. പ്രതികള്‍ തൃശൂര്‍ ഭാഗത്തേക്കും തമിഴ്‌നാട്ടിലേക്കും കടന്നതായാണ് പൊലീസ് നേരത്തെ സംശയിച്ചിരുന്നത്.
ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത് കോയമ്പത്തൂരിൽ നിന്നുള്ള എസ് ഡി പി ഐ സംഘമെന്ന നിഗമനത്തിലാണ് പൊലീസ്. പരീശീലനം ലഭിച്ച കൊലയാളി സംഘമാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം. കൊലനടത്തിയ ശേഷം ഇവർ തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടാകാം എന്നും പൊലീസ് കരുതുന്നു. അതുകൊണ്ട് തന്നെ കോയമ്പത്തൂരിലെ എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിൽ പരിശോധനയും അന്വേഷണവും നടത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിട്ടുള്ളത്. പ്രതികൾ കൊലപ്പെടുത്താനെത്തിയ കാർ ഉപേക്ഷിച്ച ശേഷം മറ്റ് വാഹനങ്ങളിലാകണം കോയമ്പത്തൂരിലേക്ക് കടന്നിരിക്കുക എന്നാണ് പൊലീസിന്റെ അനുമാനം. അതുകൊണ്ട് തന്നെ അക്രമികളെത്തിയ കാർ കണ്ടുപിടിക്കാനും ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ട്.
അതേസമയം കൊലപാതകം നടത്തിയ ശേഷം അക്രമിസംഘം ജില്ല കടന്നതായാണ് പൊലീസ് ഭാഷ്യം. തൃശൂർ ജില്ലയിലേക്ക് കടന്നെന്ന സൂചനയിൽ പാലിയേക്കര ടോൾ പ്ലാസയിലെ സിസിടിവി ഉൾപ്പെടെ പരിശോധിക്കാനും പോലീസ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം പാലക്കാട് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനം വാളയാര്‍ – തൃശൂര്‍ ഹൈവേയില്‍ പ്രവേശിച്ചെന്ന് വ്യക്തമായതിനാല്‍ ഹൈവേ കേന്ദ്രീകരിച്ച് കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. ആക്രമികൾ വെളുത്ത കാറിലാണ് വന്നതെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം.
കാർ ഉടമയെ കണ്ടെത്താനും പോലീസ് ശ്രമിക്കുന്നുണ്ട്. പ്രതികള്‍ വാഹനം ഉപേക്ഷിച്ചു പോകാനുള്ള സാധ്യയും പൊലീസ് തള്ളുന്നില്ല. കഴിഞ്ഞ വര്‍ഷം സഞ്ജിത്തിനെ ആക്രമിച്ച കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. സഞ്ജിത്തിന്റെ കൊലപാതകത്തിൽ മരണകാരണമായത് തലയിലേറ്റ വെട്ടെന്നാണ് പോസ്റ്റ് മോർട്ടം പ്രാഥമിക നിഗമനം.
അതേസമയം ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്നാണ് എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വം പറയുന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻെറ പ്രസ്താവന പരസ്യകലാപത്തിനുള്ള ആഹ്വാനമാണെന്നും എസ് ഡി പിഐ ആരോപിക്കുന്നു. കേസ് അന്വേഷണത്തിനുമുമ്പ് സുരേന്ദ്രൻ വിധി കൽപിക്കരുതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
കൊലപാതകം നടന്ന പ്രദേശത്ത് ആർ.എസ്.എസും വിവിധ പാർട്ടികളും തമ്മിൽ സംഘർഷമുണ്ടെന്ന് എസ് ഡി പിഐയും സമ്മതിക്കുന്നുണ്ട്. മരിച്ചയാൾ എല്ലാ പാർട്ടിക്കാരുമായും സംഘർഷത്തിലായിരുന്നു എന്നും ഇവർ ആരോപിക്കുന്നു. പ്രദേശത്ത് നേരത്തേ നടന്ന സംഘർഷത്തിലും എസ്.ഡി.പി.ഐക്ക് ബന്ധമില്ല. കൊലപാതകം നടന്ന സ്ഥലം എസ്.ഡി.പി.ഐ-ബി.ജെ.പി സംഘർഷമേഖലയല്ല. കൊലപാതകവും അക്രമവും എസ്.ഡി.പി.ഐയുടെ നയമല്ലെന്നും പാർട്ടി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പ്രതികളെ പൊലീസ് കണ്ടുപിടിക്കട്ടെ എന്നാണ് എസ് ഡി പി ഐ നേതാക്കൾ പറയുന്നത്.
അതിനിടെ സഞ്ജിത്തിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചു എന്ന് കരുതുന്ന ആയുധങ്ങൾ കണ്ണന്നുരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ദേശീയ പാതയോരത്ത് കുറ്റിക്കാട്ടില്‍ നിന്നാണ് വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചതാണ് ഈ ആയുധങ്ങൾ എന്നാണ് പോലീസ് നിഗമനം. ആയുധങ്ങളില്‍ നിന്ന് രക്തക്കറയും മുടിനാരിഴയും കണ്ടെടുത്തിട്ടുണ്ട്. ഫൊന്‍സിക് പരിശോധന നടത്തിയാല്‍ മാത്രമാണ് കൂടുതല്‍ വ്യക്തത വരുകയുള്ളു എന്ന് പോലീസ് വ്യക്തമാക്കി.
ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരെ യാണ് ആയുധങ്ങള്‍ കണ്ടെത്തിയ കണ്ണന്നുര്‍.ആയുധം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തു മെന്നും പോലീസ് പറഞ്ഞു.
ഈ മാസം 15ന് രാവിലെ 9 മണിയോടെയാണ് ദാരുണമായ കൊലപാതകം നടന്നത്. പട്ടാപ്പകൽ സ്വന്തം ഭാര്യയുടെ മുന്നിലിട്ട് മുഖം പോലും മറക്കാതെയാണ് അക്രമികൾ സഞ്ജിത്തിനെ ക്രൂരമായി വെട്ടിക്കൊന്നത്. സഞ്ജിത്തിനെ ആക്രമിച്ചത് അഞ്ച് പേരാണെന്ന് സഞ്ജിത്തിന്റെ ഭാര്യ അർഷിത വെളിപ്പെടുത്തുന്നു. സഞ്ജിത്തിനെ അർഷിതയുടെ മുന്നിലിട്ടാണ് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. നാല് പേരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് പോലീസ് പറഞ്ഞത്.
രാവിലെ 8.40ന് വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്നും, ഗട്ടർ വന്ന് ബൈക്ക് സ്ലോ ആക്കിയപ്പോൾ കാറിൽ വന്നവർ വെട്ടുകയായിരുന്നുവെന്നും അർഷിത പറയുന്നു. അഞ്ച് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. അവരെ ഇനി കണ്ടാൽ തിരിച്ചറിയും. ആരും മുഖം മറച്ചിരുന്നില്ല. സജിത്തിന് ഭീഷണിയുണ്ടായിരുന്നു. അതിനാൽ ഒരാഴ്ച മുന്നേ മമ്പറത്തുള്ള തന്റെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. തന്നെ വലിച്ച് ചാലിലേക്ക് ഇട്ട ശേഷം, നാട്ടുകാരുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ വെട്ടിയതെന്നും അർഷിത പറഞ്ഞു.
ഭാര്യയെ നഗരത്തിലെ ജോലിസ്ഥത്തേക്ക് കൊണ്ടുപോകുമ്പോൾ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ സഞ്ജിത്തിനെ ഭാര്യ അർഷികയ്‌ക്ക് മുന്നിൽ വച്ച് വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സഞ്ജിത്ത് മരിച്ചിരുന്നു. ശരീരത്തിൽ മുപ്പതോളം വെട്ടുകൾ ഉണ്ടായിരുന്നു.
സഞ്ജിത്തിന് നേരെ നേരത്തേയും എസ്ഡിപിഐ പ്രവർത്തകരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് കൊലപാതകത്തിന് കാരണമായതെന്ന് ശക്തമായ വിമർശനം ഉയരുന്നുണ്ട്.