കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി സി.ബി.ഐ. സുബീഷിന്റെ കള്ളമൊഴി കേസ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും ഡിവൈഎസ്പി പി.പി സദാനന്ദന്റെ നിർദേശപ്രകാരമാണ് സുബീഷിനെ കസ്റ്റഡിയിലെടുത്തതെന്നും സി.ബി.ഐ പറയുന്നു. മോഹനൻ വധക്കേസിന് അറസ്റ്റിലാകുന്നതിന് മുൻപ് മൊഴി രേഖപ്പെടുത്തിയെന്നും പോലീസ് സമർപ്പിച്ച ശബ്ദരേഖയ്ക്ക് വിശ്വാസ്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കേസ് അട്ടമറിക്കാൻ പോലീസ് വിചാരണവേളയിൽ ശ്രമിച്ചുവെന്നാണ് തുടരന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഫസൽ വധക്കേസിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ആർ.എസ്.എസ് പ്രവർത്തകനായ സുബീഷിനെ കൊണ്ട് പറയിപ്പിച്ചത് കേസ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടരന്വേഷണ റിപ്പോർട്ടിൽ പോലീസിനെതിരെയുള്ള കാര്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കണ്ണൂർ ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ നിർദേശപ്രകാരമാണ് സുബീഷിനെ കസ്റ്റഡിയിലെടുത്തതെന്ന സിഐയുടെ മൊഴിയും സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്.
2016 നവംബർ 17നാണ് സുബീഷിനെ വടകരയ്ക്ക് സമീപത്ത് വെച്ച് കാർ തടഞ്ഞ് നിർത്തി പോലീസ് കസ്റ്റഡിയിലെടുത്തത്. നോട്ടീസ് നൽകി കസ്റ്റഡിയിലെടുത്തുവെന്ന പോലീസ് അവകാശവാദം തെറ്റാണെന്നും സി.ബി.ഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തൊട്ടടുത്ത ദിവസം രാവിലെ പത്ത് മണിക്ക് കൂത്തുപറമ്പ് സ്റ്റേഷനിൽ ഹാജരാകണമെന്നുള്ള നോട്ടീസാണ് സുബീഷിന് നൽകാനായി തയ്യാറാക്കിയിരുന്നത്. എന്നാൽ അതിന് മുൻപ് ഡി.വൈ.എസ്.പിയുടെ നിർദേശം അനുസരിച്ച് സുബീഷിനെ കസ്റ്റഡിയിലെടുത്തുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
പിന്നീട് രണ്ട് ദിവസം അഴീക്കൽ പോലീസ് സ്റ്റേഷനിൽ അന്യായമായി സുബീഷിനെ കസ്റ്റഡിയിൽവെച്ച് പീഡിപ്പിച്ച് മൊഴി രേഖപ്പെടുത്തിയെന്നാണ് സിബിഐ റിപ്പോർട്ടിൽ പറയുന്നത്. വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ പിന്നീടാണ് സുബീഷിനെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ സുബീഷിന്റെ മൊഴി രേഖപ്പെടുത്തിയതിൽ പറയുന്നത് 90 ശതമാനത്തോളം കാര്യങ്ങളും ഫസൽ വധവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ്. ഫസൽ വധക്കേസ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ പോലീസ് തന്നെ പറയിപ്പിച്ചതാണ് ഇക്കാര്യങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിവൈഎസ്പിമാരായ പി.പി സദാനന്ദൻ, പ്രിൻസ് എബ്രഹാം എന്നിവർക്കെതിരെ നടപടിവേണമെന്നും സിബിഐ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
കൊലപാതകത്തിന് പിന്നിൽ കൊടി സുനിയും സംഘവുമാണെന്നും കാരായി രാജനും ചന്ദ്രശേഖരനുമാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരെന്നും സിബിഐ പറയുന്നു.ഫസൽ വധക്കേസിൽ ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സിബിഐ തുടരന്വേഷണം ആരംഭിച്ചത്. ഫസലിന്റെ സഹോദരൻ അബ്ദുൾ സത്താർ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി ഉത്തരവ്. സുബീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം വേണമെന്നായിരുന്നു കോടതി ഉത്തരവ്.