ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങി. ഇന്ന് പതിനായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തിട്ടുള്ളത്. നിലക്കലില്‍ നിന്ന് പുലര്‍ച്ചെ മൂന്ന് മുതല്‍ തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ട് തുടങ്ങി. ആദ്യ ദിവസം എത്തിയവരില്‍ അധികം പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ തീര്‍ത്ഥാടകരാണ്.
കാലവസ്ഥ പ്രതികൂലമായതിനാല്‍ പമ്പാ സ്നാനത്തിന് അനുമതിയില്ല. ഇതിനിടെ ശബരിമലയിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം മന്ത്രി വിളിച്ച ഉന്നതതലയോഗം രാവിലെചേരും. മന്ത്രി സന്നിധാനത്തെത്തിയിട്ടുണ്ട്.
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്നലെ വൈകീട്ട് 4. 51ഓടെയാണ് തുറന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു. ആറ് മണിയോടെ ശബരിമല മാളികപ്പുറം മേല്‍ശാന്തിമാര്‍ ചുമതലയേറ്റു.
പ്രതിദിനം മുപ്പതിനായിരം പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കുക. കാലവസ്ഥ പ്രതികൂലമായതിനാല്‍ ആദ്യ മുന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കും. സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് ഭക്തര്‍ക്ക് പ്രവേശനം. കാനന പാത അനുവദിക്കില്ല. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റിവ് ഫലം അല്ലെങ്കില്‍ രണ്ട് ഡോസ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാണ്.