ദുബായ്: ട്വന്റി-20 ലോകകപ്പിന് പിന്നാലെ ടൂർണമെന്റിന്റെ ടീമിനെ പ്രഖ്യാപിച്ച് ഐസിസി. പ്ലെയിങ് ഇലവനും ഒരു റിസർവ് താരവും അടങ്ങുന്ന ടീമിൽ ഒരു ഇന്ത്യൻ താരം പോലും ഇടം പിടിച്ചില്ല. കമന്റേറ്റർമാരായ ഇയാർ ബിഷപ്, നതാലി ജെർമാനോസ്, ഷെയ്ൻ വാട്സൺ, മാധ്യമപ്രവർത്തകരായ ലോറെൻസ് ബൂത്ത്, ഷഹീദ് ഹാഷ്മി എന്നിവർ അടങ്ങുന്ന സെലക്ഷൻ പാനലാണ് ടീമിനെ തിരഞ്ഞെടുത്തത്.
കിരീടം നേടിയ ഓസ്ട്രേലിയയിൽ നിന്ന് മൂന്നു പേർ, റണ്ണറപ്പുകളായ ന്യൂസീലൻഡിൽ നിന്ന് ഒരാൾ, സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിൽ നിന്ന് രണ്ട്, പാകിസ്താനിൽ നിന്ന് ഒന്ന്, സൂപ്പർ 12-ൽ പുറത്തായ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളിൽ നിന്ന് രണ്ടു പേർ വീതവും ലോകടീമിൽ ഇടം പിടിച്ചു.
പാക് താരം ബാബർ അസമാണ് ടീം ക്യാപ്റ്റൻ. പരമ്പരയുടെ താരമായ ഡേവിഡ് വാർണർക്കൊപ്പം ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ജോസ് ബട്ലറാണ് ഇന്നിങ്സ് ഓപ്പൺ ചെയ്യുക. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാബർ അസം, ലങ്കൻ യുവതാരം ചരിത് അസലങ്ക, ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രം എന്നിവരാണ് ടീമിലെ മറ്റു ബാറ്റർമാർ.
ടൂർണമെന്റിൽ ഓൾറൗണ്ട് പ്രകടനവുമായി തിളങ്ങിയ ഇംഗ്ലീഷ് താരം മോയിൻ അലി, വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതുള്ള ലങ്കയുടെ വാനിൻഡു ഹസരംഗ എന്നിവരാണ് ഓൾറൗണ്ടർമാർ. ഓസ്ട്രേലിയയുടെ ആദം സാംപ, ജോഷ് ഹെയ്സൽവുഡ്, ന്യൂസീലൻഡിന്റെ ട്രെന്റ് ബോൾട്ട്, ദക്ഷിണാഫ്രിക്കയുടെ ആന്റിച് നോർദ്യെ എന്നിവരാണ് ടീമിലെ ബൗളർമാർ. പാക് പേസ് ബൗളർ ഷഹീൻ അഫ്രീദിയാണ് റിസർവ് താരം.