കുമളി: കനത്ത മഴ തുടരുന്നതിനിടെ പെരിയാര്‍ തീരങ്ങളില്‍ ആശങ്കയുയര്‍ത്തി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ഇന്നലെ വൈകിട്ടോടെ ജലനിരപ്പ് 139.55 അടിയിലെത്തി. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത് വര്‍ധിപ്പിച്ചില്ലെങ്കില്‍ അര്‍ധരാത്രിയോടെ ജലനിരപ്പ് 140 അടിയിലെത്തുമെന്നാണ് കരുതുന്നത്. 556 ഘനയടി വിതം വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. ഇതിന്റെ നാലിരട്ടിയായി സെക്കന്‍ഡില്‍ 2200 ഘനയടിയോളം ജലമാണ് സംഭരണിയിലേക്കു ഒഴുകിയെത്തുന്നത്.
അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശത്ത് കനത്ത മഴയാണ് പെയ്‌തിറങ്ങുന്നത്. തമിഴ്‌നാട്ടിലെ ജല സംഭരണികളെല്ലാം ജലസമൃദ്ധമായതിനാല്‍ മുല്ലപ്പെരിയാറില്‍ നിന്ന് അധിക ജലം കൊണ്ടു പോകാന്‍ നിര്‍വാഹമില്ലാത്ത സ്‌ഥിതിയിലാണ് തമിഴ്‌നാട്. ഈ സാഹചര്യം മുതലെടുത്ത് അണക്കെട്ടിലെ ജലനിരപ്പ് പരമാവധി ഉയത്താന്‍ തമിഴ്‌നാട് ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.