തൃശൂരിൽ അതിരപ്പിള്ളിയടക്കം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ രണ്ട് ദിവസത്തേക്ക് സന്ദര്‍ശന വിലക്ക്; ഇടുക്കിയിൽ രാത്രികാല യാത്ര നിരോധിച്ചു

തൃശൂര്‍ / ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളി ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ രണ്ട് ദിവസത്തേക്ക് സന്ദര്‍ശന വിലക്കേര്‍പ്പെടുത്തി. ബീച്ചുകളിലും പുഴയോരങ്ങളിലും സന്ദര്‍ശകരെ അനുവദിക്കില്ല. മലയോര പ്രദേശങ്ങളിലൂടെ ഇന്നും നാളെയും രാത്രി ഏഴു മണി മുതല്‍ രാവിലെ ഏഴു മണി വരെയുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി. ക്വാറി പ്രവര്‍ത്തനം രണ്ട് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലും രാത്രികാല യാത്ര നിരോധിച്ചിട്ടുണ്ട്. തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ വിനോദസഞ്ചാരത്തിനും, മണ്ണെടുപ്പ്, ക്വാറി തുടങ്ങിയ മൈനിങ് പ്രവര്‍ത്തനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്ത് അതീവജാഗ്രതാ നിര്‍ദ്ദേശമുണ്ട്.