കൊച്ചി: മിസ് കേരളം ഉൾപ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ട കാറപകടത്തിന് വഴിവെച്ചത് മദ്യലഹരിക്ക് പുറത്തുള്ള മത്സരയോട്ടം തന്നെ. ഡിജെ പാര്‍ട്ടി കഴിഞ്ഞ മടങ്ങവേ തങ്ങള്‍ തമാശയ്ക്ക് മത്സരയോട്ടം നടത്തുകയായിരുന്നുവെന്ന് അപകടത്തില്‍പ്പെട്ടവരുടെ സുഹൃത്തായ ഓഡി കാര്‍ ഡ്രൈവര്‍ ഷൈജു പൊലീസിന് മൊഴി നല്‍കി. പക്ഷെ അമിതവേഗതയ്ക്ക് കേസെടുക്കാന‍് തെളിവില്ലെന്നാണ് പൊലീസ് നിലപാട്.
നവംബര്‍ ഒന്നിന് അര്‍ധരാത്രി വൈറ്റില ദേശീയപാതയില്‍ നടന്ന അപകടത്തില്‍ പൊലിഞ്ഞത് മൂന്ന് ജീവനുകളായിരുന്നു. ദാരുണമായി ഈ അപകടം വരുത്തിവെച്ചത് മദ്യലഹരിയില്‍ സുഹൃത്തുക്കല്‍ നടത്തിയമല്‍സരയോട്ടം എന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. ഒരു ഒഡി കാര്‍ തങ്ങളെ ചേസ് ചെയ്തെന്നും ഇതിന്‍റെ മാനസിക സമ്മര്‍ദ്ദത്തിലാണ് അപകടം ഉണ്ടായതെന്നും അപകടത്തിനിയാക്കിയ കാറിന‍്റെ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
സിസിടിവി പരിശോധനയില്‍ അബ്ദുള്‍ റഹ്മാന്‍റെ സുഹൃത്തുക്കള്‍ തന്നെയാണ് ഓഡി കാറിലുണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന്കാർ ഡ്രൈവർ ഷൈജുവിനെ ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലിലാണ് തമാശക്ക് മത്സരയോട്ടം നടത്തിയെന്ന് ഷൈജു സമ്മതിച്ചത്. പന്ത്രണ്ടരക്ക് ശേഷം ഹോട്ടലില്‍ നിന്ന് മടങ്ങിയപ്പോള്‍ മുതല്‍ മല്‍സരയോട്ടം തുടങ്ങി.
രണ്ട് തവണ അബ്ദുൾ റഹ്മാൻ ഓവർ ടേക്ക് ചെയ്തു. ഒരു തവണ താനും ഓവർ ടേക്ക് ചെയ്തു. ഇടപ്പള്ളി എത്തിയപ്പോൾ റഹ്മാൻ ഓടിച്ച കാർ കണ്ടില്ല. തുടര്‍ന്ന് യുടേണ്‍ എടുത്ത് തിരികെ വന്നപ്പോഴാണ് കാർ അപകടത്തിൽ പെട്ടത് കണ്ടത്. ഉടൻ പൊലിസ് കൺട്രോൾ റൂം നമ്പറായ 100 ൽ വിളിച്ചെന്നും ഷൈജുവിന്‍റെ മൊഴിയില്‍ പറയുന്നു.
എന്നാല്‍ ഷൈജുവിനെതിരെ കേസിന് സാധ്യതയില്ലെന്നാണ് പൊലീസ് പറയുന്നത്. അപകടം ഉണ്ടാക്കിയത് അബ്ദുറഹ്മാന്‍ ഓടിച്ച കാറാണ്. ഓവർ സ്പീഡിന് മാത്രമേ കേസെടുക്കാനാവൂ. പക്ഷെ ഇക്കാര്യത്തിൽ കേസെടുക്കാൻ ഓവർ സ്പീഡ് ക്യാമറകളിലെ ചിത്രങ്ങളോ ദൃശ്യങ്ങളോ വേണം. ഇവർ സഞ്ചരിച്ച വഴിയിൽ ഇത്തരം ക്യാമറകൾ ലഭ്യമല്ലെന്ന് പൊലീസ് പറയുന്നു.
ഓഡി കാറിലുണ്ടായിരുന്ന മറ്റുള്ളവരെ പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചികിത്സയില്‍ കഴിയുന്ന അബ്ദുള്‍ റഹ്മാനെ താമസിയാതെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.