ഭരണമികവിൽ ഊറ്റം കൊണ്ട് കേരളം; പദ്ധതിരേഖ സമർപ്പിക്കാനായില്ല; കോടികളുടെ ആരോഗ്യമേഖലാഗ്രാൻ്റ് കേന്ദ്ര സർക്കാർ അനുവദിച്ചില്ല

തിരുവനന്തപുരം : ഭരണമികവിൽ മുന്നിലെന്ന പ്രചാരണത്തിൽ ഊറ്റം കൊള്ളുമ്പോഴും സംസ്‌ഥാനത്തെ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം കേരളത്തിലെ തദ്ദേശസ്‌ഥാപനങ്ങള്‍ക്കു 15-ാം ധനകാര്യ കമ്മിഷന്‍ ശിപാര്‍ശപ്രകാരം ലഭിക്കേണ്ട കേന്ദ്രത്തിൻ്റെ ആരോഗ്യമേഖലാ ഗ്രാൻ്റ് വൈകുന്നു. ആരോഗ്യ തദ്ദേശ ധനകാര്യവകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതാണ് കേന്ദ്രസര്‍ക്കാരില്‍നിന്നു സംസ്‌ഥാനത്തിനു ലഭിക്കേണ്ട കോടികളുടെ ധനസഹായം വൈകുന്നതിന് കാരണം. കൃത്യമായ പദ്ധതിരേഖ ലഭിക്കാത്തതിനാലാണു ധനസഹായം നല്‍കാത്തതെന്നു കേന്ദ്രസര്‍ക്കാര്‍വ്യക്തമാക്കുന്നു.

മറ്റ്‌ 19 സംസ്‌ഥാനങ്ങള്‍ കൃത്യമായ ആസൂത്രണത്തിലൂടെ കോടികള്‍ നേടിയെടുത്തെങ്കിലും കേരളത്തിലെ ആരോഗ്യവകുപ്പ്‌ ഇരുട്ടില്‍ത്തപ്പുകയാണ്. യഥാസമയം പദ്ധതിരേഖ സമര്‍പ്പിച്ച 19 സംസ്‌ഥാനങ്ങള്‍ക്ക്‌ 8,453.92 കോടി രൂപയുടെ ഗ്രാന്റ്‌ കഴിഞ്ഞദിവസം അനുവദിച്ചു.
പ്രാഥമികാരോഗ്യപരിരക്ഷാ സംവിധാനങ്ങള്‍ ശക്‌തിപ്പെടുത്താനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാണു കേന്ദ്രധനമന്ത്രാലയത്തിലെ ധനവിനിമയവകുപ്പ്‌ ഗ്രാന്റ്‌ അനുവദിക്കുന്നത്‌. 2021-22 മുതല്‍ 2025-26 വരെയുള്ള 15-ാം ധനകാര്യ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പ്രാദേശികസര്‍ക്കാരുകള്‍ക്ക്‌ ആകെ 4,27,911 കോടി രൂപ ഗ്രാന്റ്‌ നല്‍കാനാണു ശിപാര്‍ശ. ഇതില്‍ 70,051 കോടി രൂപയുടെ ആരോഗ്യ ഗ്രാന്റുകളും ഉള്‍പ്പെടുന്നു.

43,928 കോടി രൂപ ഗ്രാമീണ തദ്ദേശസ്‌ഥാപനങ്ങള്‍ക്കും 26,123 കോടി നഗര തദ്ദേശ സ്‌ഥാപനങ്ങള്‍ക്കും.
തദ്ദേശസ്‌ഥാപനങ്ങളാണു ഗ്രാന്റ്‌ വിനിയോഗിക്കുന്നതെങ്കിലും ആരോഗ്യവകുപ്പാണു പദ്ധതിരേഖ കേന്ദ്രത്തിനു സമര്‍പ്പിക്കേണ്ടത്‌. അതിനു മുമ്പ്‌ ധനവകുപ്പിന്റെ അംഗീകാരവും നിര്‍ദേശങ്ങളും തേടണം. കേരളം പദ്ധതിരേഖ സമര്‍പ്പിച്ചതായ വിവരങ്ങള്‍ തദ്ദേശ, ആരോഗ്യ, ധനവകുപ്പുകളില്‍നിന്നു ലഭ്യമല്ല. ആരോഗ്യവകുപ്പാണു പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കേണ്ടതെന്നാണു തദ്ദേശവകുപ്പിന്റെ നിലപാട്‌.

പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവച്ചെന്നേ ആരോഗ്യവകുപ്പ്‌ ഉന്നതോദ്യോഗസ്‌ഥര്‍ക്ക്‌ അറിയൂ. നടപടികള്‍ കൃത്യമായി പിന്തുടരാന്‍ വകുപ്പുമന്ത്രിയുടെ ഓഫീസും ശുഷ്‌കാന്തി കാട്ടിയില്ല. ഇതോടെയാണു കേന്ദ്രം ആദ്യഘട്ടത്തില്‍ പുറപ്പെടുവിപ്പിച്ച പട്ടികയില്‍നിന്നു കേരളം പുറത്തായത്‌.
സംസ്‌ഥാനങ്ങള്‍ക്കു 13,192 കോടി രൂപയുടെ ആരോഗ്യ ഗ്രാന്റുകളാണു 2021- 22 സാമ്പത്തികവര്‍ഷം ശിപാര്‍ശ ചെയ്‌തത്‌.

(ഗ്രാമം-8,273 കോടി, നഗരം-4,919 കോടി). കേരളമുള്‍പ്പെടെ ഒന്‍പത്‌ സംസ്‌ഥാനങ്ങള്‍ക്കു ഗ്രാന്റ്‌ ലഭിക്കാനുണ്ട്‌. ഈ സംസ്‌ഥാനങ്ങളില്‍നിന്നുള്ള പദ്ധതിനിര്‍ദേശം ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം മുഖേന ലഭിച്ചശേഷം ഇതനുവദിക്കാനാണു കേന്ദ്രതീരുമാനം. എന്നാൽ എപ്പോൾ പദ്ധതി രേഖ സമർപ്പിക്കാനാകുമെന്ന കാര്യത്തിൽ സംസ്ഥാനത്തിന് ഇനിയും വ്യക്തതയില്ലെന്നാണ് സൂചന.