കേരളത്തിൽ മൂന്ന് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ മൂന്ന് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിന് കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 15 ന് എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

ഇന്ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 15-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 16-ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കാണ് ഈ ജില്ലകളിൽ സാധ്യത.

അതേസമയം തീവ്ര മഴയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കലക്ടർമാർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ അതീവ ജാഗ്രത തുടരണമെന്ന് എല്ലാവർക്കും നിർദ്ദേശം നൽകി. കക്കി, ഇടുക്കി ഡാമുകൾ തുറന്നുവിട്ടു. വൈദ്യുതി, ജല വകുപ്പുകളുടെ വിവിധ ഡാമുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് ടീമുകൾ നിലവിൽ സംസ്ഥാനത്തുണ്ട്. നാല് ടീമുകൾ നാളെ രാവിലെയോടെ എത്തും. ഡിഫൻസ് സെക്യൂരിറ്റി കോർപ്സിന്റെ രണ്ട് ടീമുകൾ ആവശ്യമെങ്കിൽ കണ്ണൂർ, വയനാട് ജില്ലകളിലേക്ക് തയ്യാറാണ് .

പത്താം തീയതിക്ക് ശേഷം ഏഴ് മണ്ണിടിച്ചിലുകളാണുണ്ടായത്. ആളപായം ഉണ്ടായിട്ടില്ല. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കണം. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ പോലീസും ഫയർ ഫോഴ്സും സജ്ജമാണ്.

ശബരിമല നട തുറക്കുമ്പോൾ കൂടുതൽ തീർത്ഥാടകർ പ്രവേശിക്കുന്നത് ഇന്നത്തെ അവസ്ഥയിൽ പ്രയാസം സൃഷ്ടിക്കും. മഴ ശക്തമായതിനാൽ നദിയിൽ കലക്കവെള്ളമാണുള്ളത്. കുടിവെള്ളത്തിൻ്റെയും കുളിക്കാനുള്ള വെള്ളത്തിൻ്റെയും ലഭ്യതയിൽ കുറവു വരും. അതിനാൽ അടുത്ത മൂന്നു നാല് ദിവസങ്ങളിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ യോഗത്തിൽ തീരുമാനിച്ചു.

ജലനിരപ്പ് അപകടകരമായതിനാൽ പമ്പാസ്നാനം അനുവദിക്കില്ല. മറ്റ് കുളിക്കടവുകളിലും ഇറങ്ങരുത്. സ്പോട്ട് ബുക്കിംഗ് നിർത്തും. ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് തീയതി മാറ്റി നൽകുന്ന കാര്യം പരിഗണിക്കണം. മഴക്കെടുതി പ്രയാസം ഉള്ള ജില്ലകളിൽ സ്കൂളുകൾക്ക് അവധി നൽകുന്ന കാര്യം ജില്ലാ കലക്ടർമാർക്ക് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.