പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; മുന്‍ കരസേന ഉദ്യോഗസ്ഥന്‍ പിടിയില്‍

പാലക്കാട്: പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുന്‍ കരസേന ഉദ്യോഗസ്ഥന്‍ പാലക്കാട് പിടിയില്‍. പെരുങ്ങോട്ടുകുറുശ്ശി സ്വദേശി ബിനീഷിനെയാണ് കോട്ടായി പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നുള്ളവരുടെ 60 ലക്ഷത്തിലധികം രൂപ പ്രതി തട്ടിയെടുത്തെന്നാണ് പരാതി.

ആലത്തൂര്‍ ഡിവൈഎസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബിനീഷ് പിടിയിലായത്. പ്രതി മദ്രാസ് റെജിമെന്റില്‍ 10 കൊല്ലം സൈനികനായിരുന്നു. പിന്നീട് സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ പിരിച്ചുവിട്ടു.

സൈനികനായുള്ള പ്രവൃത്തിപരിചയം മുതലെടുത്താണ് ഇയാള്‍ സാധാരണക്കാരെ കുടുക്കിയത്. പട്ടാളത്തില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ച് മുതല്‍ ഏഴ് ലക്ഷം രൂപ വരെ പലരില്‍ നിന്നും തട്ടിയെടുത്തു. മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെയാണ് പണം നഷ്ടപ്പെട്ടവര്‍ പരാതിയുമായി എത്തിയത്.

തട്ടിയെടുത്ത പണം ആര്‍ഭാട ജീവിതം നയിക്കാനാണ് പ്രതി ഉപയോഗിച്ചത്. കൂടുതല്‍ പേര്‍ ഇയാളുടെ കെണിയില്‍ വീണിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും പരിശോധിച്ചു വരികയാണ്.