ഭോപ്പാൽ: പശുക്കൾക്ക് വേണ്ടി ഹോസ്റ്റൽ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി കേന്ദ്രമന്ത്രി. മധ്യപ്രദേശിലെ സാഗർ യൂണിവേഴ്സിറ്റി അധികൃതരോടാണ് കേന്ദ്രമന്ത്രി പർഷോത്തം രൂപാല പശുക്കൾക്ക് വേണ്ടി ഹോസ്റ്റൽ നിർമ്മിക്കാൻ നിർദ്ദേശം നൽകിയത്.
പശുക്കളെ പരിപാലിക്കാൻ ആഗ്രഹമുള്ളവർക്ക് കേന്ദ്രസർക്കാർ പിന്തുണ നൽകുമെന്നും അത്തരത്തിലുള്ളവർക്ക് സഹായകമായി പശുക്കളെ താമസിപ്പിക്കാൻ ഹോസ്റ്റൽ നിർമ്മിക്കണമെന്നുമാണ് കേന്ദ്രമന്ത്രി പറഞ്ഞത്. വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ മാതൃകയിൽ പശുക്കളുടെ സംരക്ഷണത്തിനായി സർവകലാശാല വലിയൊരു കേന്ദ്രം സ്ഥാപിക്കണം. സർക്കാരും താനും വ്യക്തിപരമായി ഇതിൽ സഹകരിക്കാൻ തയ്യാറാണെന്നും ഇത് സംസ്ഥാനത്ത് പശു സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ സമാനമായ പശു ഹോസ്റ്റലുകൾ ആരംഭിച്ചിരുന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഡോ. ഹരിസിംഗ് ഗൗർ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പശുപഠന-ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങിലായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.