കൊറോണ വാക്സിൻ എടുക്കാൻ വിസമ്മതിച്ച മുൻ ഇന്ത്യൻ താരം മുരളി വിജയ്‌യെ തമിഴ്നാട് ടീമിൽ പരിഗണിക്കില്ല

ചെന്നൈ: കൊറോണ വാക്സിൻ എടുക്കാൻ വിസമ്മതിച്ച മുൻ ഇന്ത്യൻ താരം മുരളി വിജയ്‌യെ തമിഴ്നാട് ടീമിൽ പരിഗണിക്കില്ലെന്ന് അധികൃതർ. ഇക്കാരണം കൊണ്ടാണ് താരത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള തമിഴ്നാട് ടീമിൽ ഉൾപ്പെടുത്താതിരുന്നത്. കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടി ഐപിഎൽ കളിച്ചതിനു ശേഷം താരം ഇതുവരെ പ്രൊഫഷണൽ ക്രിക്കറ്റ് മത്സരം കളിച്ചിട്ടില്ല.

“അത് അദ്ദേഹത്തിൻ്റെ വ്യക്തിപരമായ തീരുമാനമാണ്. വാക്സിൻ എടുക്കാൻ അദ്ദേഹം മടികാണിക്കുന്നു. ടൂർണമെൻ്റ് ആരംഭിക്കുന്നതിന് ഒരാഴ്ച മുൻപ് തന്നെ താരങ്ങൾ ബബിളിൽ പ്രവേശിക്കണമെന്നാണ് ബിസിസിഐ നിർദ്ദേശം. എന്നാൽ, വിജയ് വാക്സിനെടുക്കാൻ തയ്യാറല്ല. അതുകൊണ്ടാണ് തമിഴ്‌നാട് സെലക്ടർമാർ അദ്ദേഹത്തെ പരിഗണിക്കാതിരുന്നത്.”- തമിഴ്നാട് ക്രിക്കറ്റ് ബോർഡ് അധികൃതർ അറിയിച്ചു.

അതേസമയം, ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിനെ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ നയിക്കും. നായകൻ കോലി, ടി-20 നായകൻ രോഹിത് ശർമ്മ എന്നിവർക്കൊക്കെ ബിസിസിഐ വിശ്രമം അനുവദിച്ചു. ആദ്യ ടെസ്റ്റിൽ മാത്രമാണ് കോലിക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്. രണ്ടാം ടെസ്റ്റിൽ കോലി തന്നെയാവും ടീമിനെ നയിക്കുക.

കോലി, രോഹിത് എന്നിവർക്കൊപ്പം, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, മുഹമ്മദ് ഷമി എന്നിവർക്കും വിശ്രമം അനുവദിച്ചു. ഹനുമ വിഹാരിയെ ടീമിൽ നിന്ന് ഒഴിവാക്കി. വൃദ്ധിമാൻ സാഹയാണ് വിക്കറ്റ് കീപ്പർ. ബാക്കപ്പായി ആന്ധ്രാപ്രദേശ് വിക്കറ്റ് കീപ്പർ ബാറ്റർ കെഎസ് ഭരത് ടീമിലെത്തി. ഭരതിനൊപ്പം മുംബൈ ബാറ്റർ ശ്രേയാസ് അയ്യർ, കർണാടക പേസർ പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ഹരിയാന ഓൾറൗണ്ടർ ജയന്ത് യാദവ്, ഗുജറാത്ത് ഓൾറൗണ്ടർ അക്സർ പട്ടേൽ എന്നിവരും ടീമിൽ ഇടം നേടി.

രാഹുൽ, മായങ്ക്, ഗിൽ എന്നീ മൂന്ന് ഓപ്പണർമാർ ഉൾപ്പെട്ടിട്ടുണ്ട് എന്നതിനാൽ ആരൊക്കെ ടീമിൽ കളിക്കും എന്നത് കണ്ടറിയണം. ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരാണ് പ്രധാന പേസർമാർ. ജഡേജ, അശ്വിൻ സഖ്യം സ്പിൻ വിഭാഗം കൈകാര്യം ചെയ്യും.