കട്ടപ്പന/കുമളി: ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ട് ഇന്നോ നാളെയോ തുറന്നേക്കുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ രാവിലെ മുതല്‍ അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നു വൈകിട്ട് നാലിനു ശേഷമോ, 14ന് രാവിലെ മുതലോ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വരുമെന്നാണ് കരുതുന്നത്.
പെരിയാറിന്റെ ഇരുകരകളിലുള്ളവര്‍ക്കും ചെറുതോണി ഡാമിന്റെ താഴ്‌ഭാഗത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലിന് 2398.38 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. 2403 അടിയാണ് അണക്കെട്ടിലെ പൂര്‍ണ സംഭരണ ശേഷി. ജലനിരപ്പ് 2399.3 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. അതേസമയം ഇന്നലെ വൈകിട്ടോടെ ശക്‌തമായ മഴയ്‌ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്.
ഇതിനിടെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്നു. ഇന്നലെ രാവിലെ 139 അടി പിന്നിട്ട ജലനിരപ്പ് വൈകിട്ട് അഞ്ചിന് 139.15 അടിയിലെത്തി.
തമിഴ്‌നാട്ടില്‍ പെയ്യുന്ന ശക്‌തമായ മഴയെ തുടര്‍ന്ന് പെന്‍സേ്‌റ്റാക്കിലൂടെ കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത് കുറച്ചതോടെയാണ് അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങിയത്. വ്യാഴാഴ്‌ചവരെ സെക്കന്റില്‍ 1800 ഘനയടി വീതം വെള്ളമാണ് തമിഴ്‌നാട്ടിലേക്ക് ഒഴുക്കിയിരുന്നത്.
ഇന്നലെ അത് 467 ഘനയടി വീതമായി കുറച്ചു. വ്യാഴാഴ്‌ച്ച അണക്കെട്ടില്‍ ജലനിരപ്പ് 138.75 അടിയായിരുന്നു.
തമിഴ് നാട്ടില്‍ വൈഗ ഉള്‍പ്പടെയുള്ള ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് മുല്ലപ്പെരിയാറില്‍ നിന്നു കൊണ്ടു പോകുന്ന വെള്ളത്തിന്റെ തോത് കുറച്ചത്. തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ നാലിരട്ടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്.