തിരുവനന്തപുരം: പുതുതായി ആരംഭിച്ച ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല നിയമനങ്ങളിൽ നിന്ന് പിഎസ് സി യെ ഒഴിവാക്കാനായി എല്ലാ നിയമനങ്ങളും കരാറടിസ്ഥാനത്തിൽ നടത്താൻ സർക്കാർ ഉത്തരവ് നൽകി. പുതുതായി സർവകലാശാല നിലവിൽ വരുമ്പോൾ പരിചയ സമ്പന്നരായ നിലവിലെ സർവകലാശാലകളിലെ അധിക ജീവനക്കാരെ ഓപ്ഷൻ മുഖേന മാറ്റി പുനർവിന്യസിക്കാറാണു ള്ളത്.
സ്ഥിരം തസ്തികകൾ സൃഷ്ടിച്ചാൽ നിയമനങ്ങൾ മറ്റ് സർവ്വകലാശാലകളിൽ നിന്നോ പിഎസ്സി വഴിയോ നികത്തേണ്ടതായിവരും എന്നതുകൊണ്ടാണ് കരാറടിസ്ഥാനത്തിൽ തസ്തികകൾ സൃഷ്ടിച്ചതെന്നാണ് ആക്ഷേപം. പ്രാദേശിക കേന്ദ്രം ഡയറക്ടറുടെയും,പഠന സ്കൂൾ മേധാവിയുടെയും നിയമനങ്ങൾ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നടത്താനും ബാക്കി നിയമനങ്ങൾ കരാർ അടിസ്ഥാനത്തിൽ നടത്തുമെന്നും ഉത്തരവിൽ പറയുന്നു.
46 അസിസ്റ്റൻറ് പ്രൊഫസർമാരെ കൂടാതെ 5 ഡെപ്യൂട്ടിരജിസ്റ്റർമാർ, അഞ്ച് അസിസ്റ്റന്റ് രജിസ്ട്രാർമാർ,നാല് സെക്ഷൻ ഓഫീസർ,14 അസിസ്റ്റന്റ്,10 കമ്പ്യൂട്ടർ അസിസ്റ്റൻറ്, ലൈബ്രേറിയൻ,കമ്പ്യൂട്ടർ പ്രോഗ്രാമർ,സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പടെ 150 തസ്തികകളിലേയ്ക്കാണ് സിൻഡിക്കേറ്റ് നേരിട്ട് നിയമനം നടത്തുന്നത്.
കരാർ നിയമനങ്ങൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന നടത്തണമെന്ന സർക്കാരിന്റെയും എംപ്ലോയ്മെന്റ് ഡയറക്ടറുടെയും നിർദ്ദേശം എല്ലാ സിൻഡിക്കേറ്റുകളും അവഗണിച്ചിരിക്കുകയാണ്.കരാർ വ്യവസ്ഥയിൽ നിയമങ്ങൾ നടത്തുന്നത് വേണ്ടപ്പെട്ടവരെ തിരുകി കയറ്റാനും വ്യാപക അഴിമതിക്കുമാണെന്ന് സർവകലാശാലാ ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.