കണ്ണൂർ: കേരളത്തിന്റെ അതിർത്തിപ്രദേശങ്ങളിൽ പെട്രോൾ, ഡീസൽ വില്പന കുറഞ്ഞു. ഇതുമൂലം സംസ്ഥാനത്തിന്റെ നികുതി വരുമാനവും കുറയുകയാണ്. അയൽസംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു വരുന്ന വാഹനങ്ങൾ വിലക്കൂടുതൽ കാരണം കേരളത്തിൽനിന്ന് ഇന്ധനം വാങ്ങാൻ തയാറാകാത്തതാണ് വരുമാനച്ചോർച്ചയ്ക്കു കാരണം.
കേരളത്തിൽ ദിവസം ശരാശരി 1.2 കോടി ലിറ്റർ ഇന്ധനം വിൽക്കുന്നുണ്ടെന്നാണ് കണക്ക്. വില്പ്പനയിൽ ഡീസൽ 60 ശതമാനത്തോളവും പെട്രോൾ 40 ശതമാനത്തോളവും വരും. പെട്രോൾ ഇനത്തിൽ ദിവസം 47 കോടി രൂപയുടെയും ഡീസൽ ഇനത്തിൽ 63 കോടി രൂപയുടെയും വ്യാപാരമാണു നടക്കുന്നത്. കേരളത്തിൽ വിൽക്കുന്ന ഡീസലിന്റെ 45 ശതമാനവും ഉപയോഗിക്കുന്നത് അയൽസംസ്ഥാനവാഹനങ്ങളാണ്.
തിരുവനന്തപുരത്ത് തമിഴ്നാട് അതിർത്തിയായ പാറശാലയിൽ പെട്രോൾ ദിവസവിൽപ്പന ശരാശരി 1200 ലിറ്ററായിരുന്നത് 700 ലിറ്ററായി കുറഞ്ഞു. വിലവ്യത്യാസം കുറവായതിനാൽ ഡീസൽവില്പനയിൽ വലിയ മാറ്റമില്ല. ഇവിടെ തമിഴ്നാട് ഭാഗത്ത് പടന്താലുംമൂടിൽ പെട്രോൾ ശരാശരി ദിവസവില്പന 1200 -1300 ലിറ്ററായിരുന്നത് ഇപ്പോൾ 1800 ആയി.
കൊല്ലം തെന്മലയിൽ പ്രതിദിനം 6000 ലിറ്റർ ഡീസൽ വിറ്റിരുന്നിടത്ത് ഇപ്പോൾ 3500-4000 ലിറ്റർ മാത്രമാണ്. വയനാട് തോൽപ്പെട്ടിയിൽ ഡീസൽ വില്പന മുമ്പുണ്ടായിരുന്നതിനെക്കാൾ 10,00 ലിറ്ററും പെട്രോൾ 500 ലിറ്ററും കുറഞ്ഞു. 50 ശതമാനത്തിന്റെ കുറവ്.
കർണാടകയിലെ കുട്ടയിൽ മാത്രം ഡീസൽ വിൽപ്പനയിൽ 10 ശതമാനത്തിന്റെ വർധനയു ണ്ട്. 300 ലിറ്റർ ഡീസൽ അധികവില്പന. ഗുണ്ടൽപേട്ടിൽ ഡീസൽ വില്പന 30 ശതമാനം കൂടി. പെട്രോൾ 10 ശതമാനവും. കാസർഗോഡ് തലപ്പാടി, പെർള, മുള്ളേരിയ, അഡൂർ, ബന്തടുക്ക എന്നിവിടങ്ങളിലായി കേരള അതിർത്തിയോടുചേർന്നുള്ള ഒമ്പത് പെട്രോൾ പമ്പുകളിൽ വ്യാപാരം മൂന്നിലൊന്നായി.
തലപ്പാടിയിൽ കേരള അതിർത്തിയിലെ ഭാരത് പെട്രോളിയം പമ്പിലെ വില്പനയിൽ പെട്രോൾ 2000 ലിറ്ററും ഡീസൽ 2500 ലിറ്ററും കുറഞ്ഞു. തലപ്പാടിയിൽ കർണാടകത്തിന്റെ ആദ്യ പെട്രോൾ പമ്പായ ഐഒസി പമ്പിലാകട്ടെ പെട്രോൾവില്പന 2300 ലിറ്ററും ഡീസൽ 6000 ലിറ്ററും കൂടി. പാലക്കാട് അതിർത്തിയിൽ തമിഴ്നാട്ടിലെ ഗോപാലപുരത്ത് 3000 ലിറ്റർ പെട്രോൾ വിറ്റിരുന്നത് ഇപ്പോൾ 4500 ലിറ്ററായി. ഡീസൽ 4000 ലിറ്റർ വിറ്റിരുന്നത് 5400 ആയി.
കേരളത്തിലെ ഗോപാലപുരം മൂങ്കിൽമടയിൽ പെട്രോൾ 2000 ലിറ്റർ വിറ്റിരുന്നിടത്ത് ഇപ്പോൾ 1000 ലിറ്റർ വിൽക്കുന്നില്ല. ഡീസൽ 3500 ലിറ്റർ വിറ്റിരുന്നത് 1300 ലിറ്റർ പോലുമില്ല. ഇടുക്കി മറയൂരിൽ മുമ്പ് ദിവസവും 2000 ലിറ്റർ വരെ പെട്രോളും 3800 ലിറ്റർവരെ ഡീസലും ചെലവായിരുന്നു. ഇതിപ്പോൾ 1200, 2600 എന്ന തോതിലായി.
മാഹിയിൽ ദിവസം ഏകദേശം 1,10,000 ലിറ്റർ പെട്രോളും 2,15,000 ലിറ്റർ ഡീസലും വിറ്റിരുന്നു. ഇതിൽ 60-70 ശതമാനം വർധനയുണ്ടായി. കേരളത്തിലേതിനേക്കാൾ മാഹിയിൽ ഡിസലിന് 10.74 രൂപയും പെട്രോളിന് 11.91 രൂപയും കുറവുണ്ട്. മാഹിയിലെ വിലക്കുറവ് മൂലം വടകര ടൗണിലെയും പരിസരങ്ങളിലെയും പമ്പുകളിൽ 10 മുതൽ 50 വരെ ശതമാനം വ്യാപാരം കുറഞ്ഞു.
വടകരയിലെ പ്രമുഖ പമ്പിൽ ദിവസം 6000 ലിറ്റർ പെട്രോൾ വിറ്റിരുന്നത് 3500 ആയി. ഡീസൽ 5000 ലിറ്റർ വിറ്റ സ്ഥാനത്ത് ഇപ്പോൾ 2500 ലിറ്റർ. ദേശീയപാത വഴി പോകുന്ന വാഹനങ്ങൾ വളരെ കുറച്ചുമാത്രമേ ഇപ്പോൾ ഇവിടെനിന്ന് ഇന്ധനമടിക്കുന്നുള്ളൂ.