ജന്മം നൽകുന്നവർ തന്നെ കുഞ്ഞിനെ കൊല്ലുന്ന ഗർഭശ്ചിദ്രം അതിക്രൂരം: ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം

ചങ്ങനാശ്ശേരി: ജന്മം നൽകുന്നവർ തന്നെ കുഞ്ഞിനെ കൊല്ലുന്ന ഗർഭശ്ചിദ്രം അതിക്രൂരമാണെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. കൃപ പ്രോലൈഫെഴ്സ് സിൽവർ ജൂബിലി വർഷാരംഭം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
മാർ പെരുംന്തോട്ടം.

ഒരു മാസമായാലും 5 മാസമായാലും 6 മാസമായാലും 60 വയസ്സായാലും ജീവൻ ജീവൻ തന്നെയാണ്. എപ്പോൾ അതിനെ നശിപ്പിച്ചാലും അത് കൊലപാതകം ആണ്. എപ്പോഴാണ് ഗർഭസ്ഥ ശിശുവിനെ വധിക്കുന്നതെന്നതല്ല വിഷയം, എപ്പോഴാണെങ്കിലും അത് ദൈവദാനമായ ജീവൻ കുടികൊള്ളുന്ന കുഞ്ഞാണ്. ഗർഭശ്ചിദ്രം തീർത്തും അധാർമ്മികമാണ്.

പല രാഷ്ട്രങ്ങളിലും ഗവൺമെൻ്റുകൾ നിയമങ്ങൾ ഉണ്ടാക്കി ജീവനെ ഇല്ലാതാക്കുന്നതിൽ മത്സരിക്കുന്നു. ഇന്ത്യയിൽ തന്നെ 20 ആഴ്ച എന്നത് ഇപ്പോൾ 24 ആഴ്ച ആക്കിയിരിക്കുകയാണ്.
സഹജീവികളെ കൊല്ലുന്നതൊക്കെ വളരെ പ്രധാനപ്പെട്ട വിഷയമായി ലോകം കാണുന്നു. അത് ചർച്ച വിഷയം ആകുന്നു. എന്നാൽ ഗർഭത്തിലുള്ള നിസ്സഹായരായ കുഞ്ഞുങ്ങളെ ഗർഭശ്ചിദ്രത്തിലൂടെ കൊല്ലുന്നത് ഒരു തെറ്റായി പലരും കാണുന്നില്ല.

കേരളം ഒട്ടാകെ നാനാജാതി മതസ്ഥരുടെ ഇടയിൽ ജീവന്റെ സംരക്ഷണത്തിനും സമൃദ്ധിക്കും വേണ്ടി സ്തുത്യർഹമായ വിധത്തിൽ 24 വർഷമായി ശുശ്രുഷ ചെയ്തുവരുന്ന കൃപ പ്രോലൈഫഴ്സിന്റെ
പ്രവർത്തനങ്ങളെ മാർ പെരുംന്തോട്ടം പ്രശംസിച്ചു. ജൂബിലി വർഷം വർദ്ധിച്ച തീക്ഷണതയോടെ പ്രവർത്തിക്കുവാൻ ഇടയാകട്ടെ ആർച്ച് ബിഷപ് ആശംസിച്ചു.
ചങ്ങനാശ്ശേരി കത്തിഡ്രൽ പള്ളി നവജാത ശിശുക്കളുടെ സ്മാരക അങ്കണത്തിൽ നടന്ന സമ്മേളനം സ്മാരകത്തിൽ പുഷ്‌പ്പാർച്ചന നടത്തിയാണ് ആരംഭിച്ചത്.

കൃപ സ്പിരിച്വൽ ഡയറക്ടർ ഫാ. ലുയീസ് വെള്ളാനിക്കൽ അധ്യക്ഷത വഹിച്ചു. കത്തിഡ്രൽ പള്ളി വികാരി ഫാ. ജോസ് കൊച്ചുപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. ഫാ. ജോസ് മുകളേൽ, ഫാ. തോമസ് പ്ലാമ്പറമ്പിൽ, കൃപ ഡയറക്ടർ എബ്രഹാം പുത്തൻകളം , സിബിച്ചൻ ഉപ്പുകുന്നേൽ എന്നിവർ പ്രസംഗിച്ചു. പ്രമോദ് ജോസഫ്, ജോൺ മാർട്ടിൻ എന്നിവർ നേതൃത്വം നൽകി.