വാഷിംഗ്ടൺ: രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കായി അതിർത്തി തുറന്ന് അമേരിക്ക. 20 മാസത്തോളം നീണ്ട യാത്രാ വിലക്കാണ് അമേരിക്ക നീക്കിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്.
യുകെ, യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ 30 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള യുഎസ് ഇതര പൗരന്മാരെ ഇത് ബാധിച്ചു. കോവിഡ് തടയാൻ 2020 ന്റെ തുടക്കത്തിൽ ചൈനയിൽ നിന്നുള്ള യാത്രക്കാർക്കായി യുഎസ് അതിർത്തികൾ ആദ്യം അടച്ചു. പിന്നീട് നിയന്ത്രണങ്ങൾ മറ്റ് രാജ്യങ്ങളിലെ യാത്രക്കാർക്കും ബാധകമാക്കി.
പുതിയ നിയമ പ്രകാരം, വിദേശ യാത്രക്കാർ വിമാനം കയറുന്നതിന് മുമ്പ് വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ തെളിവുകൾ ഹാജരാക്കണം. യാത്രയ്ക്ക് മൂന്ന് ദിവസത്തിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും സമ്പർക്ക പട്ടിക വിവരങ്ങളും കൈമാറണം. ഇങ്ങനെയുള്ളവർക്ക് അമേരിക്കയിൽ എത്തിയാൽ ക്വാറന്റൈനിൽ കഴിയേണ്ടി വരില്ല.
കാനഡ, മെക്സിക്കോ അതിർത്തികളും വാക്സിൻ പൂർണമായും സ്വീകരിച്ചവർക്കായി തുറക്കും. അമേരിക്കയിലേക്ക് കടക്കാൻ മെക്സിക്കൻ അതിർത്തികളിൽ തമ്പടിച്ച കുടിയേറ്റക്കാർക്കും പുതിയ നിയമം സഹായകരമാകും.