തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറി വിവാദത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് ഭരണ പ്രതിപക്ഷ നേതാക്കൾ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് ഇറങ്ങിയതെന്നും തീരുമാനം ആഭ്യന്തരവകുപ്പ് അറിഞ്ഞതിന് തെളിവുണ്ടെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.
സര്‍ക്കാര്‍ അറിയാതെയാണ് മരംമുറിക്കാനുള്ള അനുമതി കൊടുത്തതെന്ന് പറഞ്ഞാല്‍ അത് മുഖവിലയ്ക്കെടുക്കാനുള്ള ബുദ്ധിശൂന്യതയൊന്നും കേരളത്തിലെ ജനങ്ങള്‍ക്കില്ല. തമിഴ്നാടിന്റെ താല്പര്യത്തെ സംരക്ഷിച്ച് കേരളത്തിലെ ജനങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
അതേസമയം, മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയതിനെതിരെ കോൺഗ്രസ് നേതാവ് വി.എം. സുധീരനും രംഗത്തെത്തി. സർക്കാർ ഒളിച്ചുകളി നടത്തുകയാണെന്നും അനുമതി നൽകിയതിൽ അന്വേഷണം വേണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞുകൊണ്ടുള്ള നാടകമാണ് ഇത്. ആഭ്യന്തര വകുപ്പ് അറിയാതെ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നത് അങ്ങേയറ്റം മോശമായ കാര്യമാണ്. വകുപ്പ് മന്ത്രി അറിയാതെ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് സമൂഹത്തിന് ഗുണകരമല്ല. ഇത് അംഗീകരിക്കാനാവില്ലെന്നും സുധീരൻ പറഞ്ഞു.
കേരളത്തിന്റെ പൊതു താൽപര്യത്തെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും സുധീരൻ ആരോപിച്ചു. ഇതൊന്നും കണക്കിലെടുക്കാതെ തമിഴ്നാട് സർക്കാരിന്റെ ആവശ്യത്തിന് മുൻപിൽ വകുപ്പ് മന്ത്രി പോലും അറിയാതെ കള്ളക്കളി കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാർ മരംമുറി വിവാദത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എൻസിപി അധ്യക്ഷൻ പി.സി. ചാക്കോ. വനംവകുപ്പ് മന്ത്രി അറിയാതെയാണ് ഇത്തരമൊരു ഉത്തരവിറക്കിയതെങ്കിൽ അത് ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് പി.സി. ചാക്കോ പറഞ്ഞു.
മരം മുറിക്കാനുള്ള അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടെ. കൂടിയാലോചിച്ച് എടുക്കേണ്ട തീരുമാനമായിരുന്നു ഇതെന്നും ചാക്കോ വിമർശിച്ചു.
മുല്ലപ്പെരിയാറില്‍ മരങ്ങള്‍ വെട്ടിനീക്കാന്‍ അനുമതി നല്കിയ വിവാദത്തിൽ സർക്കാരിനെതിരേ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇപ്പോള്‍ നടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന് അറിഞ്ഞുകൊണ്ടുള്ള നാടകമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ ജനങ്ങളെ മറന്നുള്ള നടപടിയാണ് എൽഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ബേബി ഡാമിന് സമീപത്തെ മരം മുറി വിഷയത്തില്‍ വനം മന്ത്രി പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.