സുക്മ: തലയ്ക്ക് ലക്ഷങ്ങൾ വിലയിട്ട എട്ട് മാവോയിസ്റ്റുകളെ ഛത്തീസ്ഗഡിൽ പിടികൂടി. സുക്മ ജില്ലയിലെ ചിന്തൽനാർ പോലീസ് സ്റ്റേഷൻ പരിധിയിലെ മോർപള്ളി ഗ്രാമത്തിന് സമീപമുള്ള വനത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്.
സിആർപിഎഫിന്റെ എലൈറ്റ് യൂണിറ്റായ കോബ്രയും (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ) പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഈ മേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നവംബർ രണ്ട് മുതൽ സുരക്ഷാസേന ഇവിടെ പരിശോധന നടത്തിവരികയായിരുന്നു.
തലയ്ക്ക് ഒരു ലക്ഷം രൂപ മുതൽ എട്ട് ലക്ഷം വരെ വിലയിട്ടിരുന്നവരാണ് പിടിയിലായത്. സ്ഫോടക വസ്തുക്കൾ ഉൾപ്പടെയുള്ള ആയുധങ്ങൾ ഇവരിൽ നിന്നും കണ്ടെടുത്തു.